ആകാശം മുട്ടി കോർപറേറ്റ് കൊള്ള; 2001 മുതൽ 2023 വരെ ബാങ്കുകൾ എഴുതിത്തള്ളിയത് 14,56,805 കോടി രൂപ
text_fieldsതൃശൂർ: കോർപറേറ്റ് ഭീമന്മാരുടെ കൊള്ളയടിയും അതിന് സഹായിക്കുന്ന നയങ്ങളും മൂലം രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം ഇപ്പോഴും ഉയർന്ന തോതിൽത്തന്നെ. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം കിട്ടാക്കടം 4,28,199 കോടിയാണ്. ഇതോടൊപ്പം വൻ തുക ബാധ്യത വരുത്തിയവരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളലും നിർബാധം നടക്കുന്നു. വിവിധ കമ്പനികൾക്ക് നൽകിയ തുക തിരിച്ചുകിട്ടാതെ വന്നതോടെ വൻതോതിൽ ഇളവോടെ (സെറ്റിൽമെന്റ്) ഈ കമ്പനികളെ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ബാങ്കുകൾ. ബാങ്കിങ്ങിൽ ‘ഹെയർകട്ട്’ എന്ന് വിളിക്കുന്ന ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് നഷ്ടമായത്. ഇത്തരം സ്ഥാപനങ്ങളെ ചുളുവിൽ ഏറ്റെടുത്ത് ലാഭമുണ്ടാക്കിയവരിൽ മുന്നിൽ അദാനി ഗ്രൂപ്പ് ആണെന്നും കണക്കുകൾ പറയുന്നു.
ലക്ഷക്കണക്കിന് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത സ്ഥാപനങ്ങളെ ഹെയർകട്ടിലൂടെ രക്ഷപ്പെടുത്തുമ്പോൾ പലപ്പോഴും കുറഞ്ഞ തുകക്ക് അവ ഏറ്റെടുക്കുന്നത് അതേ ഗ്രൂപ്പുമായി ബന്ധമുള്ളവർ തന്നെയാണെന്നും എ.ഐ.ബി.ഇ.എ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് 4800 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതിരുന്ന ശിവങ്കരൻ ഇൻഡസ്ട്രീസ് വെറും 320 കോടി രൂപ ‘ഹെയർകട്ട്’ വ്യവസ്ഥയിലൂടെ തീർത്ത് 95 ശതമാനം ഇളവോടെ ഏറ്റെടുത്തത് സ്ഥാപന ഉടമയുടെ ഭാര്യാപിതാവ് തന്നെയാണ്.
ബാങ്കുകളുടെ ലാഭം ഇടിയുന്നു
കിട്ടാക്കട ബാധ്യത പെരുകുന്നതുമൂലം ബാങ്കുകളുടെ യഥാർഥ ലാഭത്തിൽ വൻ ഇടിവും രേഖപ്പെടുത്തുകയാണ്. ഉദാഹരണത്തിന് ബാങ്കുകൾ 2,66,065 കോടി രൂപ പ്രവർത്തനലാഭം നേടിയ 2023-24 സാമ്പത്തിക വർഷത്തിൽ 1,24,862 കോടി രൂപ കിട്ടാക്കട ബാധ്യതയിലേക്കും മറ്റും നീക്കിവെക്കേണ്ടി വന്നതിനാൽ ആകെ ലാഭം 1,41,203 കോടിയായി ഇടിഞ്ഞു. 2015-‘16 മുതൽ 2019-‘20 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ പ്രവർത്തന ലാഭത്തേക്കാൾ അധികം തുക കിട്ടാക്കട ബാധ്യതയിലേക്ക് നീക്കിവെക്കുകയും ബാങ്കുകൾ നഷ്ടക്കണക്ക് കാണിക്കേണ്ടിവരുകയും ചെയ്തിരുന്നു.
നേട്ടം കൊയ്ത് അദാനി ഗ്രൂപ്പ്
വായ്പ തിരിച്ചടവ് മുടങ്ങിയ കോർപറേറ്റ് സ്ഥാപനങ്ങളുടെ ബാധ്യത ഇളവുകളോടെ ഏറ്റെടുത്ത് ഈ ‘കച്ചവടത്തിൽ’ ഏറ്റവും നേട്ടമുണ്ടാക്കിയത് അദാനി ഗ്രൂപ്പാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എച്ച്.ഡി.ഐ.എൽ (പ്രോജക്ട് ബി.കെ.സി), റേഡിയസ് എസ്റ്റേറ്റ്സ് ആൻഡ് ഡെവലപ്പേഴ്സ്, നാഷനൽ റയോൺ കോർപറേഷൻ, എസ്സാർ പവർ എം.പി ലിമിറ്റഡ്, ഡിഗി പോർട്ട് ലിമിറ്റഡ്, ലാൻകോ അമർകാന്തക് പവർ, കോസ്റ്റൽ എനർജൻ ലിമിറ്റഡ്, ആദിത്യ എസ്റ്റേറ്റ്സ്, കാരൈക്കൽ പോർട്ട്, കോർബ വെസ്റ്റ് പവർ കമ്പനി എന്നീ സ്ഥാപനങ്ങളുടെ ബാധ്യത ‘ഹെയർ കട്ടി’ലൂടെ ഏറ്റെടുത്ത അദാനി 74 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 61,832 കോടി രൂപയുടെ മൊത്തം മൂല്യം വെറും 15,977 കോടി രൂപക്കാണ് അദാനി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങൾ ഏറ്റെടുത്തത്.
എന്തൊരു തള്ളൽ! ബാങ്കുകൾ 2023ൽ മാത്രം എഴുതിത്തളിയ കിട്ടാക്കടം: 2,09,144 കോടി രൂപ
2001 - 2023 : 14,56,805 കോടി
ഇതിൽ അധികവും കോർപറേറ്റ് സ്ഥാപനങ്ങൾ വായ്പയെടുത്ത് മനഃപൂർവം തിരിച്ചടക്കാത്തത്’’
-ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.