അംബാനിയോട് നേരിട്ടേറ്റുമുട്ടുമോ അദാനി; ഡിസ്നിയെ വാങ്ങാൻ ചർച്ച തുടങ്ങി
text_fieldsഇന്ത്യയിലെ സ്ട്രീമിങ്-ടെലിവിഷൻ ബിസിനസിന്റെ വിൽപനക്കായുള്ള ചർച്ചകൾ തുടങ്ങി വാൾട്ട് ഡിസ്നി. ഗൗതം അദാനിയുമായും കലാനിധി മാരനുമായും കമ്പനി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. യു.എസ് വിനോദവ്യവസായത്തിലെ പ്രമുഖരായ കമ്പനി ഓഹരികൾ മുഴുവനായോ ഭാഗികമായോ വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
കായികമത്സരങ്ങളുടെ സ്ട്രീമിങ് അവകാശവും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും മാത്രം വിൽക്കാനും അവർക്ക് പദ്ധതിയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായും ഇവർ ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ബ്ലുംബെർഗ് ന്യൂസ് ഈ വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു.
ബിസിനസ് പൂർണമായും വിൽക്കുകയോ അല്ലെങ്കിൽ ഇന്ത്യയിലെ ഒരു കമ്പനിയുമായുള്ള സംയുക്ത സംരഭമോ ആണ് ഡിസ്നി ഉദ്ദേശിക്കുന്നത്. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേഷണാവകാശം നഷ്ടപ്പെട്ടത് ഡിസ്നിക്ക് കനത്ത തിരിച്ചടിയായിരുന്നു. മുകേഷ് അംബാനിക്കും പങ്കാളിത്തമുള്ള വിയോകോം ആണ് കരാർ സ്വന്തമാക്കിയത്.
കലാനിധി മാരന്റെ സൺ നെറ്റ് വർക്കുമായും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പുമായും പ്രാഥമിക ചർച്ചകൾ മാത്രമാണ് ഡിസ്നി നടത്തിയിട്ടുള്ളതെന്നാണ് വിവരം. ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഇരു കമ്പനികളും ഇതുവരെ തയാറായിട്ടില്ല. വിപണിയിലെ ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദാനി ഗ്രൂപ്പും സൺ നെറ്റ്‍വർക്കും അറിയിച്ചത്. ലോകത്ത് വിനോദവ്യവസായത്തിന് ഏറ്റവും സാധ്യതയുള്ള വിപണിയായാണ് ഇന്ത്യ വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.