സെപ്റ്റംബറിൽ ശ്രദ്ധിക്കാൻ അഞ്ചു കാര്യങ്ങൾ
text_fieldsഅവനവന്റെ സാമ്പത്തികതയുമായി ബന്ധപ്പെട്ട അഞ്ചു സുപ്രധാന കാര്യങ്ങൾ പൂർത്തീകരിക്കേണ്ടത് സെപ്റ്റംബറിൽ. ഇതിൽ ചിലത് നിശ്ചിത തീയതിക്കകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഒടുക്കേണ്ടിയും വരും.
ഐ.ടി.ആർ
അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടാത്ത വ്യക്തികളുടെ 2020-21 വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബർ 30 ആണ്. വൈകിയാൽ പിഴ 5000 രൂപ. അതേസമയം, മൊത്തവരുമാനം അഞ്ചു ലക്ഷത്തിൽ കവിയാത്തവർക്ക് 1000 രൂപ പിഴ നൽകിയാൽ മതി.
ഐ.ടി.ആർ ഫയൽ ചെയ്യാൻ പുതിയ പോർട്ടലാണ് ഇത്തവണ. അതാകട്ടെ സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്. അതിനാൽ സാങ്കേതികതയിൽ കുടുങ്ങി റിട്ടേൺ വൈകാതിരിക്കാൻ എത്രയും വേഗം ഫയൽ ചെയ്യണമെന്നാണ് വിദഗ്ധോപദേശം.
ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും
2021 ഒക്ടോബർ ഒന്നുമുതൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ഓട്ടോ ഡെബിറ്റായി പണം ഈടാക്കുന്നതിന് രണ്ടു പ്രാവശ്യം അക്കൗണ്ട് ഉടമയുടെ അനുമതി ചോദിക്കും. കൂടുതൽ സുരക്ഷക്കുവേണ്ടിയാണ് പുതിയ നടപടി. അതിനാൽ ശരിയായ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യം. മ്യൂച്വൽ ഫണ്ട് എസ്.ഐ.പി, ഒ.ടി.ടി-നെറ്റ്ഫ്ലിക്സ് വരിസംഖ്യ, പ്രതിമാസ വായ്പ തിരിച്ചടവ് തുടങ്ങിയവക്കെല്ലാം പണം അക്കൗണ്ടിൽനിന്ന് ഈടാക്കുന്നതിനുമുമ്പ് അനുമതി ചോദിച്ച് ബാങ്ക് സന്ദേശമയക്കും. ഇതിന് അക്കൗണ്ട് ഉടമ അനുമതി നൽകിയില്ലെങ്കിൽ ബാങ്കിന് പണം ഈടാക്കാനാകില്ല. ഈ രീതിയിൽ മാസത്തവണ മുടങ്ങിയാൽ ബാങ്ക് പിഴ ഈടാക്കുകയും ചെയ്യും. അതൊഴിവാക്കാനാണ് കൃത്യമായ മൊബൈൽ നമ്പർ നൽകേണ്ടത്.
പാൻ-ആധാർ
പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയും 2021 സെപ്റ്റംബർ 30 ആണ്. ഈ ദിവസത്തിനകം അത് ചെയ്തില്ലെങ്കിൽ പാൻ റദ്ദാകും. പാൻ പ്രവർത്തനരഹിതമായാൽ, പാൻ നിർബന്ധമുള്ള സാമ്പത്തിക ഇടപാടുകളൊന്നും നടത്താനാകില്ല. ഡിമാറ്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നിവ തുടങ്ങാനാകില്ല. നിലവിലെ ബാങ്ക് അക്കൗണ്ടിനെയും അത് ബാധിക്കും.
അവസാന തീയതിക്കുശേഷം പാൻ ആധാറുമായി ബന്ധിപ്പിച്ചാൽ പിഴയൊടുക്കേണ്ടിയും വരും. പിഴ കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെങ്കിലും 1000 രൂപയായിരിക്കുമെന്നാണ് നേരേത്ത വന്ന അറിയിപ്പുകളിൽ പറഞ്ഞിരുന്നത്.
ഡിമാറ്റ്-കെ.വൈ.സി
ഓഹരി വ്യാപാര നിയന്ത്രണ സ്ഥാപനമായ സെബി ജൂലൈ 30ലെ ഉത്തരവിലൂടെയാണ് 2021 സെപ്റ്റംബർ 30നകം ഡിമാറ്റ് അക്കൗണ്ടുകളുടെ കെ.വൈ.സി (നോ യുവർ കസ്റ്റമർ - ഉപഭോക്താവിെൻറ വ്യക്തിവിവരങ്ങൾ) പുതുക്കണമെന്ന് ആവശ്യപ്പെട്ടത്. പേര്, വിലാസം, പാൻ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവയാണ് സെബി നിർദേശിച്ച കെ.വൈ.സി വിവരങ്ങൾ. കെ.വൈ.സി പുതുക്കിയില്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ട് റദ്ദാകും. തുടർന്ന് ഓഹരിവിപണിയിൽ വ്യാപാരം നടത്താനാകില്ല. ഓഹരി വാങ്ങിയാലും കെ.വൈ.സി പൂർണമാകാതെ സ്വന്തം പേരിലേക്ക് ഓഹരി മാറ്റാനുമാകില്ല.
മുൻകൂർ നികുതി
2021-22 സാമ്പത്തിക വർഷത്തെ മുൻകൂർ നികുതിയുടെ രണ്ടാം ഗഡു അടക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബർ 15 ആണ്. ഒരു സാമ്പത്തിക വർഷത്തിൽ ഉറവിടത്തിൽനിന്നുള്ള നികുതി (ടി.ഡി.എസ്) കിഴിച്ചശേഷം വ്യക്തിയുടെ മൊത്തം നികുതിബാധ്യത 10,000 രൂപയിൽ കൂടുതലായാലാണ് മുൻകൂർ നികുതി അടക്കേണ്ടത്. മുൻകൂർ നികുതി അടച്ചില്ലെങ്കിൽ കുടിശ്ശികയായ നികുതിയിന്മേൽ പിഴപ്പലിശ നൽകണം. മാസം ഒരു ശതമാനം വെച്ചാണ് പിഴപ്പലിശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.