2022-23 സാമ്പത്തിക വർഷത്തിൽ 8-8.5 ശതമാനം വളർച്ചയെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കോവിഡ് അട്ടിമറിച്ച സാമ്പത്തിക രംഗം അടുത്ത വർഷം 8-8.5 ശതമാനം വളർച്ചനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സർവേ. മാർച്ച് 31ന് അവസാനിക്കുന്ന നടപ്പുവർഷം 9.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കോവിഡ് തുടങ്ങുന്നതിനു മുമ്പത്തെ നിലയിലേക്ക് ഇപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചെത്തിയെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥ സജ്ജമാണെന്നും സർവേ വിലയിരുത്തി.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വിദ്യാഭ്യാസ, തൊഴിൽ, ടൂറിസ, സേവന മേഖലകളിൽ മുരടിപ്പ് തുടരുകയാണെന്ന് സർവേ നിരീക്ഷിച്ചു. കയറ്റുമതിയിലും പ്രതിസന്ധി നീളും. രണ്ടു വർഷങ്ങളിൽ നല്ല വളർച്ച നേടിയ മേഖല കൃഷിയാണ്. നടപ്പുവർഷം കാർഷിക മേഖലയിൽ 3.9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമനാണ് 2020-21ലെ സാമ്പത്തിക സർവേ പാർലമെന്റിൽ വെച്ചത്. പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്ന്യാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാമ്പത്തിക സർവേ തയാറാക്കിയത്.
കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുന്നതാണ് സമ്പദ് രംഗം ഊർജസ്വലമാകുന്നതിൽ പ്രധാനമെന്ന് സർവേ വിലയിരുത്തി. 88 കോടി പേർക്കാണ് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചത്. എല്ലാവർക്കും കിട്ടാൻ പാകത്തിൽ വാക്സിൻ ലഭ്യതയുടെ നിയന്ത്രണങ്ങൾ ഒഴിവാക്കിയത് നല്ല ചുവടാണ്. എയർ ഇന്ത്യ വിൽപന സ്വകാര്യവത്കരണത്തിന് ഊർജം പകർന്നു. 20 വർഷത്തിനിടയിൽ ആദ്യമായി നടന്ന ഈ സ്വകാര്യവത്കരണം ബി.പി.സി.എൽ, ഷിപ്പിങ് കോർപറേഷൻ, കൺസ്ട്രക്ഷൻ കോർപറേഷൻ തുടങ്ങി കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപനക്ക് വഴിതെളിക്കും.
എല്ലാ മേഖലയിലും സ്വകാര്യവത്കരണം വേണം. 2025 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം അഞ്ചുലക്ഷം കോടി ഡോളർ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച നേടണമെങ്കിൽ ഈ കാലപരിധിക്കുള്ളിൽ 1.4 ലക്ഷം കോടി അടിസ്ഥാന സൗകര്യ വികസനത്തിന് മുടക്കണം. ഇതിൽ 25 ശതമാനവും ഊർജരംഗത്താണ് വേണ്ടിവരുകയെന്നും സർവേ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.