ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് നികുതി ചുമത്തില്ല; തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറി
text_fieldsതിരുവനന്തപുരം: അടച്ചിട്ട വീടുകള്‍ക്ക് ബജറ്റില്‍ നിർദേശിച്ച നികുതി നടപ്പാക്കില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്‍റെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ വരുമാന വർധനക്കു നിർദേശങ്ങൾ വന്നിരുന്നു. അടച്ചിട്ട വീടുകളുടെ അധിക നികുതി ഇതിന്‍റെ ഭാഗമാണ്. തദ്ദേശ വകുപ്പാണ് ചർച്ച ചെയ്യുന്നത്.
ഇപ്പോൾ ഇതു നടപ്പാക്കാൻ ഉദ്ദശിക്കുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഒരാളുടെ ഒന്നിലധികമുള്ള, അടച്ചിട്ട വീടുകൾക്ക് അധികനികുതി ഏർപ്പെടുത്തുമെന്ന ബജറ്റ് നിർദേശത്തിനെതിരെ പ്രവാസികൾ അടക്കം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് നിരവധി സംഘടനകൾ നിവേദനം നൽകി. അടച്ചിട്ട വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നെന്നല്ല ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി വിശദീകരിച്ചു. കാലാകാലങ്ങളായി പരിഷ്‌കരിക്കാതിരിക്കുന്ന നികുതി പരിഷ്‌കരിക്കാനുമുള്ള നിർദേശം മാത്രമാണ് ബജറ്റില്‍ സൂചിപ്പിച്ചത്. അതിലാണ് അടഞ്ഞുകിടക്കുന്ന വീടുകളുടെയും മറ്റും നികുതിയെക്കുറിച്ച നിർദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണ്. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും ദീര്‍ഘകാലമായി ആള്‍താമസം ഇല്ലാത്ത വീടുകള്‍ക്കും ഇപ്പോള്‍ നികുതി നടപ്പാക്കില്ല. ഇതു ചില നിര്‍ദേശങ്ങള്‍ മാത്രമാണെന്നും മന്ത്രി ആവര്‍ത്തിച്ചു.
ഈ നിർദേശങ്ങള്‍ നീതികേടാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മാതാപിതാക്കളെ മക്കള്‍ ഒപ്പം കൊണ്ടുപോകുന്നതുകൊണ്ട് വീട് അടഞ്ഞുകിടന്നേക്കാം. ആ വീട് നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികളൊക്കെ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതികള്‍ സര്‍ക്കാറിനുതന്നെയാണ് വന്നുചേരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.