നോട്ടു നിരോധനത്തിെൻറ നാലാണ്ട്
text_fields2016 നവംബർ എട്ടിന് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86.4 ശതമാനം തുകയും പൊടുന്നനെ റദ്ദാക്കിയപ്പോൾ, അത്രയും തുക കൈവശമുണ്ടായിരുന്ന ജനങ്ങളൊന്നാകെ അമ്പരന്നു. അത്രയും കറൻസിയുടെ ക്രയവിക്രയവും സഞ്ചാരവും നിലച്ചതോടെ സമ്പദ്വ്യവസ്ഥ താറുമാറായി.
തൊഴിൽശാലകളുടെ അടച്ചുപൂട്ടൽ, തൊഴിൽ നഷ്ടം, വരുമാനശോഷണം, ജി.ഡി.പിയുടെ രണ്ടര ശതമാനം ഇടിവ് എന്നിവയൊക്കെ ഒരു ജനതയുടെ ജീവിതതാളത്തെ അലങ്കോലപ്പെടുത്തി. നോട്ടുനിരോധനത്തിെൻറ ലക്ഷ്യങ്ങളായി കേന്ദ്രസർക്കാർ പറഞ്ഞിരുന്ന കള്ളപ്പണം പിടിച്ചെടുക്കൽ, കള്ളനോട്ടു വേട്ട, ഭീകരവാദമില്ലാതാക്കൽ എന്നിവയെപ്പറ്റി പിന്നീടൊരിക്കലും അവകാശവാദമുണ്ടായിട്ടുമില്ല. ഒരുതരത്തിലുള്ള സാമൂഹിക ഓഡിറ്റിങ്ങും നടന്നില്ല.
മൂന്നു പതിറ്റാണ്ടായി രാജ്യത്ത് ഔപചാരിക വികസനതുറകളെല്ലാം കുത്തകകളുടെ കൈകളിലെത്തിക്കുന്ന നിയമനിർമാണങ്ങളാണ് ആവിഷ്കരിച്ചത്. അതിനു വഴങ്ങാതിരുന്നത് 50 കോടി പേർ തൊഴിലെടുക്കുന്ന കൃഷിയടങ്ങുന്ന അനൗപചാരിക മേഖലയായിരുന്നു. നോട്ടു നിരോധനം ഈ മേഖലയിൽ അനസ്തേഷ്യക്കു സമാനമായ തളർച്ചയാണുണ്ടാക്കിയത്. സ്വാഭാവികമെന്നോണം ഇവിടെ ജോലിയെടുത്തിരുന്ന മഹാഭൂരിപക്ഷം പേരും കുടിയൊഴിപ്പിക്കാതെ തന്നെ കുടിയേറ്റ തൊഴിലാളികളായി. ഈ വിടവിലേക്കാണ് കാർഷിക മേഖലയിൽ കുത്തകകൾക്കും ചെറുകിട വ്യാപാര മേഖലയിൽ വിദേശമൂലധനത്തിനും പങ്കാളിത്തം സാധ്യമാക്കുന്ന നിയമനിർമാണങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതൊക്കെ ചേർത്തു വായിക്കുമ്പോഴാണ് സാമ്പത്തിക പരിഷ്കരണങ്ങളൊന്നും നിഷ്കളങ്കമല്ലെന്നും അവ കൃത്യമായി ആസൂത്രണംചെയ്ത ജനവിരുദ്ധ തിരക്കഥകളാണെന്നും തിരിച്ചറിയാനാകുക.
ചീറ്റിപ്പോയ ബഡായികൾ
നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത് ഖജനാവിലേക്ക് മുതൽകൂട്ടാമെന്നായിരുന്നു വീമ്പുപറച്ചിൽ. പക്ഷേ, തിരിച്ചുവരാതിരുന്ന കറൻസി 10,730 കോടി രൂപ! എന്നാൽ പകരം നോട്ടടിക്കാൻ റിസർവ് ബാങ്കിന് ചെലവായ തുക 13,000 കോടി രൂപ! മാത്രവുമല്ല, 2015-16ൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് 65,876 കോടി രൂപയാണ് മിച്ച ഫണ്ടായി നൽകിയതെങ്കിൽ, 2016-17 വർഷത്തിൽ പ്രസ്തുത തുക 30,659 കോടി രൂപയായി ഇടിയുകയും ചെയ്തു. ദീർഘകാല നേട്ടങ്ങൾക്കായി താൽക്കാലിക പ്രയാസങ്ങളെ മറക്കണമെന്നതായിരുന്നു നോട്ടുനിരോധന കാലത്തെ ആപ്തവാക്യം. എന്നാൽ അർബൻ മേഖലയിലെ കുറച്ചു ക്രീമിലെയർ വിഭാഗങ്ങൾക്കു മാത്രമാണ് നോട്ടുനിരോധന കെടുതികളെ അതിജീവിക്കാനും ഡിജിറ്റൽ രീതിയിലേക്ക് നീങ്ങാനും കഴിഞ്ഞത്. എന്നാൽ ഗൂഗ്ൾ പോലുള്ള ഇൻറർനെറ്റ് ഇടപാടുകളിന്മേൽ ഒരുവിധ റിസർവ് ബാങ്ക് നിയന്ത്രണവും സാധ്യമല്ലാത്തതിനാൽ അവിടങ്ങളിൽ വൻതോതിലുള്ള കബളിപ്പിക്കലുകൾ നടക്കുന്നു. 32 ലക്ഷം എ.ടി.എം കാർഡുകളുടെ വിവരങ്ങൾ ചോർന്നതിെൻറ വാർത്തകൾ ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിലുള്ള വീഴ്ചകളും, സൈബർ സെക്യൂരിറ്റി നിയമത്തിെൻറ അപര്യാപ്തതയും മൂലം പലരും ഇത്തരം ഇടപാടുകളിൽനിന്ന് പിന്തിരിയുന്നതാണ് കാഴ്ച. കാഷും ജി.ഡി.പിയും തമ്മിലുള്ള അനുപാതം വർധിക്കുന്നതായി കാണാം. നിക്ഷേപ പലിശ നിരന്തരം ഇടിഞ്ഞുവരുന്ന സാഹചര്യത്തിൽ, പണം കൈവശം സൂക്ഷിക്കാനുള്ള പ്രചോദനമാണ് ഈ സാഹചര്യത്തിന് നിദാനം.
കതിരിലല്ല; കടയ്ക്കലാണ് വളമിടേണ്ടത്
നോട്ടു നിരോധനം പൊടുന്നനെയാണ് മടിശ്ശീലയെ ദരിദ്രമാക്കിയതെങ്കിൽ കോവിഡ് ഉണ്ടാക്കിയ ലോക്ഡൗണും സാമ്പത്തിക മാന്ദ്യവും അവരുടെ വാങ്ങൽ കഴിവില്ലായ്മയെ വ്യവസ്ഥാപിതമാക്കുകയുണ്ടായി. രാജ്യത്തിെൻറ സാമ്പത്തികവളർച്ച 24 ശതമാനം നെഗറ്റിവായെന്നു പറയുമ്പോൾ, അത് അനൗപചാരിക മേഖലയിലെ കോടിക്കണക്കിനാളുകളുടെ വരുമാന നഷ്ടമാണ് വിളിച്ചറിയിക്കുന്നത്.
ജനങ്ങളുടെ കൈവശം പണമില്ലാത്തതിനെ തുടർന്ന് സമ്പദ്ഘടനയുടെ മൈക്രോ തലത്തിൽ ഒരു ചലനവും സാധ്യമാകാതെ മരവിച്ചു കിടന്നു. ഇതേ കാലയളവിൽ ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ വരുമാനത്തിൽ 14 ശതമാനം വർധന രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാറിെൻറ കോവിഡ് പാക്കേജുകളെല്ലാം സമ്പന്നരെ മാത്രം സംരക്ഷിക്കുന്നതായിരുന്നു.
ബാങ്കുവായ്പകളുടെ ചോദനം കുറയുകയും ജനങ്ങളുടെ വരുമാനം നിലക്കുകയും ചെയ്തതോടെ വാണിജ്യ വ്യാപാര മേഖല നിശ്ചലമായി. ഏറ്റവും താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്ക് റൊക്കം പണമെത്തിക്കുകയും, അവരുടെ ക്രയശേഷി വർധിപ്പിച്ച്, തദ്വാരാ വാണിജ്യ, വ്യാപാര, തൊഴിൽ മേഖലയിൽ ക്രമാനുഗതമായ ഉണർവുണ്ടാക്കി മാത്രമേ പടിപടിയായി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിയൂ. അതിനായി തൊഴിലുറപ്പു പദ്ധതിയും കൂലിനിരക്കും വിപുലമാക്കേണ്ടതുണ്ട്. ആദായനികുതി പരിധിയിൽ വരാത്ത കുടുംബങ്ങൾക്ക് ആറുമാസം തുടർച്ചയായി 7500 രൂപ വീതം നൽകണമെന്ന നിർദേശം നടപ്പായാൽ അതിശയകരമായ ഉന്മേഷമായിരിക്കും താഴെ തട്ടിൽ ഉടലെടുക്കുക. അതുപോലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന ഒരു പദ്ധതി നടപ്പാക്കാനായാൽ അത് സാധാരണക്കാരിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
നോട്ടു നിരോധനത്തിലൂടെ മൂർച്ഛിച്ച്, കോവിഡിൽ വന്നെത്തി നിൽക്കുന്ന സമ്പദ് വ്യവസ്ഥയുടെ ശോചനീയാവസ്ഥയെ അതിജീവിക്കാൻ ഇതു മാത്രമാണ് ശാസ്ത്രീയ പ്രതിവിധി.
എന്നാൽ രോഗമറിഞ്ഞ് ചികിത്സിക്കുന്നതിനു പകരം, വീണ്ടും വീണ്ടും കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാർ നടപടി പ്രശ്നപരിഹാരത്തിനുതകില്ലെന്നു മാത്രമല്ല, രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്കും ദുരിതക്കയത്തിലേക്കുമെത്തുമെന്നതാണ് വാസ്തവം.
(ബാങ്ക് എംപ്ലോയീസ് ഫെഡേറഷൻ ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.