ഗോ ഫസ്റ്റ് മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. മണികൺട്രോളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ, ചെറിയ തോതിൽ മാത്രമായിരിക്കും സർവീസ് ആരംഭിക്കുക.
ഡൽഹിയിൽ നിന്നും 51 സർവീസുകളും മുംബൈയിൽ നിന്നും 31 സർവീസുകളും ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ഗോ ഫസ്റ്റ് തേടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇത്രത്തോളം സർവീസുകൾ ഗോ ഫസ്റ്റ് ആദ്യഘട്ടത്തിൽ നടത്തില്ലെന്നാണ് സൂചന. വിമാനം സർവീസ് പുനഃരാരംഭിക്കാനുള്ള അനുമതി തേടി ഗോ ഫസ്റ്റ് കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഗോ ഫസ്റ്റിന്റെ നിർണായക യോഗം ഇന്ന് നടക്കും. ഏതൊക്കെ റൂട്ടിൽ വിമാനകമ്പനിയുടെ സർവീസുണ്ടാകുമെന്നത് സംബന്ധിച്ച് ഡി.ജി.സി.എക്ക് ഗോ ഫസ്റ്റ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിന് ആശ്വാസമായി കമ്പനി നിയമ ട്രിബ്യൂണലിന്റെ നടപടി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമട്രിബ്യൂണൽ അംഗീകരിച്ചു. ഇതോടെ ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നൽകിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതിൽ നിന്ന് മൊറട്ടോറിയത്തിന് കീഴിൽ സംരക്ഷണം ലഭിക്കും.
ജസ്റ്റിസ് രാമലിംഗം സുധാകർ, എൽ.എൻ ഗുപ്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രൊഫഷണലുകൾ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും.അഭിലാഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാവും എയർലൈനിന്റെ ഭരണം നടത്തുക. ഗോ ഫസ്റ്റിന്റെ ഇപ്പോഴുള്ള മാനേജ്മെന്റ് സംഘത്തെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സസ്പെൻഡ് ചെയ്യപ്പെട്ട മാനേജ്മെന്റ് സംഘത്തോട് ആവശ്യമായ സഹകരണം പുതിയ ടീമിന് നൽകാനും നിർദേശിച്ചു. ഗോ ഫസ്റ്റിന്റെ മാനേജ്മെന്റിനോട് ദൈനംദിന ചെലവുകൾക്കായി അഞ്ച് കോടി രൂപ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. അതേസമയം, മെയ് 19 വരെ വിമാനങ്ങളുടെ റദ്ദാക്കൽ തുടരുമെന്ന് ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രതിസന്ധിയിലായ ഗോ ഫസ്റ്റ്. തകരാറിലുള്ള എൻജിനുകൾക്ക് പകരം അമേരിക്കൻ ഏജൻസിയായ പ്രാറ്റ് ആൻഡ് വിറ്റ്നി പുതിയത് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.