'ഇ-റുപ്പി' ഇന്ന് മുതൽ; ആദ്യഘട്ടത്തിൽ നാല് നഗരങ്ങളിൽ, രണ്ടാംഘട്ടത്തിൽ കൊച്ചിയിലും
text_fieldsന്യൂഡൽഹി: റിസർവ് ബാങ്കിന്‍റെ ഡിജിറ്റൽ രൂപ 'ഇ-റുപ്പി' ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. ആദ്യഘട്ടത്തിൽ നാല് നഗരങ്ങളിലാണ് ഇ റുപ്പി അവതരിപ്പിക്കുക. രണ്ടാംഘട്ടത്തിൽ ഇ റുപ്പി 13 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്കുള്ളിലാണ് ആദ്യ ഘട്ടത്തിൽ ഇടപാടുകൾ നടക്കുക.
നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ഡിജിറ്റൽ ടോക്കണുകളായാണ് ഇ-റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റിൽ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകും. ഇ-റുപ്പി കൈമാറ്റത്തിന് ബാങ്കിന്‍റെ സേവനം ആവശ്യമില്ല.
ഡൽഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭിക്കുക. നിലവിൽ ആർ.ബി.ഐ പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യത്തിലാകും ഡിജിറ്റൽ രൂപ ലഭിക്കുക. ഇത് വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി, ഫസ്റ്റ് ബാങ്ക് എന്നിവർക്കാണ് വിതരണ ചുമതല. ഈ ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ അവതരിപ്പിക്കും. ഇതുവഴി ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം.
വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന ഇ-റുപ്പി ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. ഡിജിറ്റൽ രൂപ പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്.
കൊച്ചി ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്ക് ഹോൾസെയിൽ ഡിജിറ്റൽ രൂപ നേരത്തെ റിസർവ് ബാങ്ക് അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.