ജി.എസ്.ടി നഷ്ടപരിഹാരം നിർത്തൽ: ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: ജി.എസ്.ടിയിൽ നൽകിവരുന്ന നഷ്ടപരിഹാരം നിർത്തുന്ന സാഹചര്യത്തിൽ ചില സംസ്ഥാനങ്ങൾക്കുണ്ടാവുന്ന വരുമാനനഷ്ടം ഒഴിവാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജി.എസ്.ടി നിലവിൽ വന്നപ്പോൾ ഉള്ള വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു. ഇത് നിർത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ്.
അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പ്രൊജക്ടുകൾക്കുള്ള ധനസഹായമായോ, പ്രത്യേക തീരുവ ചുമത്താൻ അനുവാദം നൽകിയോ, അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബാധ്യത വരാത്ത രീതിയിലുള്ള കടമെടുപ്പിന് അനുമതി നൽകുകയോയാവും സർക്കാർ ചെയ്യുക.
ചില സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ കുറിച്ച് ബോധ്യമുണ്ടെന്നും ഇത് പരിഹരിക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇക്കണോമിക്സ് ടൈംസിനോട് പ്രതികരിച്ചു. എന്നാൽ, ഹിമാചൽപ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങൾക്കാവും പ്രത്യേക പാക്കേജ് ലഭിക്കുകയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നേരത്തെ പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2022 ജൂണിലാണ് ജി.എസ്.ടി നഷ്ടപരിഹാരം നിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.