ജി.എസ്.ടി: നികുതിനിർണയം എളുപ്പം, സുതാര്യം
text_fieldsചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നിട്ട് ആറു വർഷം കഴിഞ്ഞുവെങ്കിലും പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും അതിലെ നിയമവശങ്ങളെക്കുറിച്ചുള്ള ആശങ്ക ഒഴിയുന്നില്ല. രാജ്യം മുഴുവൻ ഏകീകൃത നികുതിസമ്പ്രദായം ഏർപ്പെടുത്തുക എന്ന പരിഷ്കാരത്തിൽനിന്നാണ് ജി. എസ്.ടി 2017 ജൂലൈയിൽ നിലവിൽ വന്നത്. അതോടെ നികുതികളുടെ മേൽ നികുതി എന്നത് ഒഴിവായി. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം 25 മുതൽ 30 ശതമാനം വരെ നികുതിഭാരം കുറയുന്നു എന്നതാണ് ജി.എസ്.ടി കൊണ്ടുള്ള നേട്ടം.
ജി.എസ്.ടി നിയമങ്ങൾ വളരെ സങ്കീർണമാണെന്ന തെറ്റായ ധാരണ പലർക്കും ഇപ്പോഴുമുണ്ട്. ജി.എസ്.ടി രജിസ്ട്രേഷൻ മുതൽ ചരക്കുനീക്കത്തിനു വണ്ടിയിൽ സൂക്ഷിക്കേണ്ട ഇ-വേ ബില്ലുകൾ തയാറാക്കുന്നതും, കച്ചവടക്കാരും സേവനദാതാക്കളും സമർപ്പിക്കേണ്ട പലതരം റിട്ടേണുകളും, ഇൻപുട് ടാക്സ് ക്രെഡിറ്റും റീഫണ്ടും നികുതിയടവുമൊക്കെ ഓൺലൈനിൽ ചെയ്യാമെന്ന സൗകര്യം ജി.എസ്.ടിയെ കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ ഉപകരിക്കും.
ഒരു കച്ചവടക്കാരനോ ഉൽപാദകനോ, ചരക്കുകളോ സേവനങ്ങളോ വാങ്ങുമ്പോഴോ നിർമിക്കുമ്പോഴോ ഒടുക്കിയ നികുതി അത് വിൽക്കുമ്പോഴോ സേവനം നൽകുമ്പോഴോ തിരിച്ചു കിട്ടുന്നു (ഇൻപുട് ടാക്സ് ക്രെഡിറ്റ്) എന്നതാണ് നികുതി വെട്ടിക്കാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം.
വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയിൽ കൂടിയാൽ കച്ചവടസ്ഥാപനം ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കണം. സേവനദാതാവാണെങ്കിൽ 20 ലക്ഷത്തിൽ കൂടുതൽ വിറ്റുവരവ് ആകുമ്പോൾ രജിസ്ട്രേഷൻ എടുക്കണം. മദ്യം, പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം , വിമാന ഇന്ധനം, വൈദ്യുതി തുടങ്ങിയവ ജി.എസ്.ടി പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാറുകൾക്ക് ഈ ഉൽപന്നങ്ങളുടെ നികുതിനിർണയത്തിൽ തീരുമാനമെടുക്കാം.
സംസ്ഥാനത്തിനുള്ളിൽ വിതരണംചെയ്യുന്ന സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും മേൽ കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി (സി.ജി.എസ്.ടി) എന്നും സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതിയെ സംസ്ഥാന ജി.എസ്.ടി (എസ്.ജി.എസ്.ടി) എന്നും അന്തർ സംസ്ഥാന സേവന ഉൽപന്ന വിതരണത്തിൽ കേന്ദ്രം ചുമത്തുന്ന നികുതിയെ ഇന്റഗ്രേറ്റഡ് നികുതി (ഐ.ജി. എസ്.ടി) എന്നും വിളിക്കുന്നു.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി അടക്കേണ്ടതില്ല. എങ്കിലും ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭ്യമാണ്. ഔട്ട്പുട്ടിനു നികുതി അടച്ചു ഐ.ജി.എസ്.ടി തിരികെ ലഭിക്കണമെന്നോ അല്ലെങ്കിൽ ഐ.ജി.എസ്.ടി നികുതി അടക്കാതെ ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കണമെന്നോ എന്നത് കയറ്റുമതിക്കാരന് തീരുമാനിക്കാം. സാധനങ്ങളോ സേവനങ്ങളോ ഇറക്കുമതി ചെയ്യുമ്പോൾ അന്തർ സംസ്ഥാന വിതരണമായി കണക്കാക്കി ഐ.ജി.എസ്.ടി ചുമത്താം.
വിവിധ ഉൽപന്നങ്ങൾക്ക് വ്യത്യസ്ത നികുതി നിരക്കുകളാണ്. 5, 12, 18, 28 ശതമാനങ്ങളിലാണ് നികുതി. സ്വർണം, വെള്ളി, വജ്രം തുടങ്ങിയവക്ക് മൂന്നു ശതമാനമാണ് ജി.എസ്.ടി. ചെരിപ്പുകളിൽ ആയിരം രൂപക്ക് താഴെയുള്ളവക്ക് അഞ്ചു ശതമാനവും അതിനു മുകളിലുള്ളവക്ക് 18 ശതമാനവുമാണ് നികുതിനിരക്ക്. നോട്ട് പുസ്തകങ്ങൾ, എഴുതാനുള്ള കടലാസ് തുടങ്ങിയവക്ക് ആറു ശതമാനമാണ് നികുതി.
പെട്ടെന്ന് ചീത്തയായി പോകുന്ന മത്സ്യം, മാംസം, മുട്ട, പാൽ, പച്ചക്കറികൾ, ജീവനുള്ള കോഴി(ഫ്രോസൺ ചിക്കൻ ഒഴികെ) തുടങ്ങിയവയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിഗരറ്റ്, പുകയില, പാൻപരാഗ് പോലെയുള്ള ഹാനികരമായ ഉൽപന്നങ്ങൾക്ക് 28 ശതമാനം ജി.എസ്.ടിക്കു പുറമെ സെസ് കൂടി ചേർത്താണ് വിൽപന നടത്തുന്നത്.
ജി.എസ്.ടി വകുപ്പ് കഴിഞ്ഞ വർഷം പുനഃസംഘടിപ്പിച്ചപ്പോൾ ഓഡിറ്റ് വിഭാഗം ഏറ്റവും സുപ്രധാന നികുതിനിർണയ സംവിധാനമായി മാറി. വ്യാപാരികളുടെ നികുതി ബാധ്യതകളുടെ കൃത്യത, നികുതിവെട്ടിപ്പ് നടത്തുന്നതിലെ പഴുതടക്കൽ, റിട്ടേൺ ഫയലിങ്ങിലെ കാര്യക്ഷമത, ഇൻപുട് ടാക്സ് ക്രെഡിറ്റ് നേടിയത് ശരിയായ രീതിയിലാണോ, റിവേഴ്സ് ചാർജ് അനുവദിക്കാവുന്നതാണോ, റീഫണ്ട് യഥാസമയം ക്ലെയിം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഓഡിറ്റിങ്ങിലൂടെ നിരീക്ഷിക്കാനാവും. നികുതിവെട്ടിപ്പ് കണ്ടെത്തുകയും തടയുകയുമാണ് എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിങ്ങിന്റെ ദൗത്യം. ജി.എസ്.ടി വകുപ്പ് പുതുതായി തുടങ്ങിയ നൂതന സാങ്കേതികത നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും ഇടപാടുകൾ സുതാര്യമാക്കാനും സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.