ഗുജറാത്ത് വൻ കടക്കെണിയിൽ; കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന് സി.എ.ജി
text_fieldsഅഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി ബി.ജെ.പി ഉയർത്തിക്കാട്ടിയ ഗുജറാത്ത് വൻ കടക്കെണിയിലെന്ന് റിപ്പോർട്ട്. വലിയ പ്രതിസന്ധിയിലേക്ക് ഗുജറാത്ത് നീങ്ങുന്നുവെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ വ്യക്തമാക്കുന്നു. ഗുജറാത്തിന്റെ ആകെ കടമായ 3.08 ലക്ഷം കോടിയുടെ 61 ശതമാനവും അടുത്ത ഏഴ് വർഷത്തിനുള്ളിൽ തിരിച്ചടക്കണമെന്നതാണ് സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി.
കടങ്ങൾ കാലാവധി പൂർത്തിയാകുന്നതാണ് ഗുജറാത്തിനെ പ്രതിസന്ധിയിലാക്കും. 2028നകം 1.87 ലക്ഷം കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കേണ്ടത്. ചെലവുകൾ വർധിക്കുന്നതിനൊപ്പം റവന്യു കമ്മിയും ഉയരുന്നത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ആശങ്ക.
കടം തിരിച്ചടക്കാനുള്ള നടപടികൾക്ക് ഗുജറാത്ത് സർക്കാർ തുടക്കം കുറിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നതെന്നും സി.എ.ജി വ്യക്തമാക്കുന്നു.
ഗുജറാത്തിന്റെ പൊതുകടത്തിൽ 2016-21 കാലയളവിൽ 11.49 ശതമാനം വർധനയാണ് ഉണ്ടായത്. ഈ സമയത്ത് സംസ്ഥാനത്തിന്റെ ജി.ഡി.പി 9.19 ശതമാനവും വളർന്നു. ഈ കണക്കുകൾ ഗുജറാത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ പുനരവലോകനം നടത്തണമെന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും സി.എ.ജി വ്യക്തമാക്കുന്നു.
2020-21ൽ ഗുജറാത്തിന്റെ വരുമാനത്തിൽ വലിയ തിരിച്ചടിയുണ്ടായെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 2011-12 വർഷത്തിൽ സീറോ റവന്യു കമ്മിയെന്ന ലക്ഷ്യം ഗുജറാത്ത് സർക്കാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, 2020-21ൽ ഗുജറാത്തിന്റെ റവന്യുകമ്മി 22,548 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.