ഹാൾമാർക്കിങ് മുദ്ര 30 കോടി ആഭരണങ്ങളിൽ
text_fieldsസ്വർണാഭരണങ്ങളിൽ ഗുണമേന്മ മുദ്രയായ ഹാൾമാർക്കിങ് യൂനിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കിയിട്ട് രണ്ടര വർഷം പിന്നിട്ടു. 2021 ജൂലൈ ഒന്നിനാണ് എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയത്. ഇതിനകം രാജ്യത്ത് 3000 ടണ്ണോളം വരുന്ന 30 കോടി ആഭരണങ്ങളിൽ മുദ്ര പതിപ്പിച്ചതായാണ് ബി.ഐ.എസ് (ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേഡ്സ്), ഹാൾമാർക്കിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ കണക്ക്.
മാസം ശരാശരി ഒരു കോടി (പ്രതിദിനം ശരാശരി നാലു ലക്ഷം) ആഭരണങ്ങളിൽ ഗുണമേന്മ മുദ്ര പതിക്കുന്നു. 1,70,000 ജ്വല്ലറികളാണ് ഇന്ത്യയിൽ ബി.ഐ.എസ് ലൈസൻസ് എടുത്തിട്ടുള്ളത്. ഇവിടങ്ങളിലെ ഒരു സാമ്പിളെങ്കിലും പരിശോധനക്ക് വിധേയമാക്കാറുണ്ട്. രാജ്യത്തുടനീളം ചെറിയ പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന ജ്വല്ലറികളിലെ ആഭരണങ്ങളും ഇത്തരം പരിശോധനയുടെ പരിധിയിൽ വരും. കേരളത്തിൽ ആറായിരത്തോളം ജ്വല്ലറികൾ ബി.ഐ.എസ് ലൈസൻസ് എടുത്തിട്ടുണ്ട്. രാജ്യത്തെ 343 ജില്ലകളിൽ ഇപ്പോൾ സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര നിർബന്ധമാണ്. ഇതിനായി 1510 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 183 എണ്ണംകൂടി തുറക്കാൻ ബി.ഐ.എസിന്റെ അനുമതി കാത്തിരിക്കുന്നു. 330 ഹാൾമാർക്കിങ് കേന്ദ്രങ്ങൾ വിവിധ കാരണങ്ങളാൽ ഇതിനകം അടച്ചുപൂട്ടി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് ചില കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുത്തത്.
ഗുണമേന്മ മുദ്ര നിർബന്ധമാക്കിയതോടെയാണ് രാജ്യത്തെ ഹാൾമാർക്കിങ് കേന്ദ്രങ്ങളുടെ എണ്ണം 800ൽനിന്ന് 1510 ആയി ഉയർന്നത്. ആഭരണത്തിൽ മുദ്ര വെക്കുന്നതിന് ഒരെണ്ണത്തിന് 45 രൂപയാണ് നിരക്ക്. വ്യാജ മുദ്രകൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി ജ്വല്ലറികളിൽ വ്യാപകമായ സാമ്പ്ൾ പരിശോധനയും ആരംഭിച്ചിരുന്നു. പല ജ്വല്ലറികളിൽനിന്നും മാറ്റുകുറഞ്ഞതും വ്യാജ ഹാൾ മാർക്കിങ് മുദ്രയുള്ളതുമായ സ്വർണം പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്.
ഹാൾമാർക്കിങ് പരിശോധന ചിലർ തട്ടിപ്പിന് മറയാക്കുന്നതായും ഹാൾമാർക്കിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ബി.ഐ.എസ് ഓഫിസർ എന്ന വ്യാജേന ഹാൾമാർക്കിങ് സെന്ററുകളിലും ജ്വല്ലറികളിലും ഫോണിൽ വിളിച്ച് സാമ്പ്ൾ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയെന്നും അനുകൂല ഫലം നൽകാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. സാമ്പ്ൾ ശേഖരിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ ജ്വല്ലറികളിൽനിന്ന് വൻതോതിൽ പണം പിരിക്കുന്ന സംഘങ്ങളുമുണ്ട്.
സാമ്പ്ൾ പരിശോധന, ജ്വല്ലറികളിൽ നേരിട്ടുനടത്തുന്ന ഗുണമേന്മ മുദ്രപരിശോധന, നിലവാരമില്ലാത്ത ആഭരണം വിൽക്കുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കം ശിക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച് ബി.ഐ.എസ് ജനുവരി ഒന്നിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറോടെയാണ് കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായത്. 14 ജില്ലകളിലും ഇതോടെ ഹാൾമാർക്കിങ് കേന്ദ്രങ്ങൾ വന്നു. രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.