കോവിഡ് ദുരിതത്തിനിടയിലും ആരോഗ്യമേഖലക്ക് ഊതിപ്പെരുപ്പിച്ച വിഹിതം
text_fieldsന്യൂഡൽഹി: ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ആവർത്തിക്കുേമ്പാഴും നിലവിലെ കോവിഡ് പ്രതിസന്ധിയെയോ രാജ്യത്തെ മറ്റ് ആരോഗ്യപ്രശ്നങ്ങളെയോ ശരിയാംവിധം നേരിടാനുതകുന്ന വിഹിതം കേന്ദ്ര ബജറ്റിൽ വകയിരുത്തിയില്ലെന്ന് വിലയിരുത്തൽ.
കഴിഞ്ഞ സാമ്പത്തിക വർഷം 94,452 കോടിരൂപയാണ് ആരോഗ്യമേഖലക്ക് നീക്കിവെച്ചിരുന്നതെങ്കിൽ ഇക്കുറി ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്കായി 2,23,846 കോടി രൂപ വകയിരുത്തിയെന്നും 137 ശതമാനം വർധനവാണിതെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. എന്നാലിത് കുടിവെള്ളം, ശുചീകരണം തുടങ്ങി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ വരാത്ത വകുപ്പുകൾക്കുകൂടി ചെലവിടുന്ന തുകയാണ്. മാത്രമല്ല, കോവിഡ് വാക്സിനേഷനു വേണ്ടി ചെലവിടുന്ന 35,000 കോടിയും ഇതേ കണക്കിൽനിന്നാണ്.
പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ത് ഭാരത യോജ്ന എന്ന പേരിൽ പ്രഖ്യാപിച്ച 64,180 കോടിയുടെ ആരോഗ്യപദ്ധതിയാവട്ടെ ആറു വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
നിലവിലെ സാമ്പത്തിക വർഷം ആരോഗ്യ മന്ത്രാലയം 82,928 കോടി ചെലവിട്ടപ്പോൾ 2021-22 വർഷത്തേക്ക് 73,931.77കോടി രൂപയാണ് മന്ത്രാലയത്തിനായി നീക്കിവെച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗ്രാമീണ-ദുർബല സമൂഹത്തിന് ദുർലഭമായി മാറിയ ആരോഗ്യപരിരക്ഷ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനോ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ഉറപ്പുവരുത്താനോ ആവശ്യമായ വിഹിതം ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മോദി സർക്കാറിെൻറ മുൻബജറ്റുകളിലും കുഞ്ഞുങ്ങളുടെ പോഷകാഹാര പദ്ധതികൾക്ക് കുറഞ്ഞ തുകമാത്രമാണ് നീക്കിവെച്ചിരുന്നത്. രാജ്യത്തെ 116 ദശലക്ഷം വിദ്യാർഥികൾക്ക് അന്നമേകേണ്ട സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് മുൻവർഷത്തേക്കാൾ 500 കോടി രൂപ മാത്രമാണ് കൂടുതൽ അനുവദിച്ചത്.
കോവിഡ് വാക്സിന് കോടികൾ നീക്കിവെച്ചെങ്കിലും ജനതക്ക് സൗജന്യമായി ലഭ്യമാക്കുമോയെന്നും ബജറ്റിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.