Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകൂടൊരുക്കാം ഭാരമാവാതെ

കൂടൊരുക്കാം ഭാരമാവാതെ

text_fields
bookmark_border
house
cancel

സ്വന്തമായൊരു വീട്... ഏതൊരു സാധാരണക്കാരന്‍റെയും അതിസാധാരണമായ സ്വപ്നം... അതു പൂവണിയുന്ന നിമിഷങ്ങൾ സന്തോഷത്തിന്റേതാണ് ആഘോഷത്തിന്റേതാണ്. എന്നാൽ, അതു വൈകാതെ ഉറക്കമില്ലാ രാവുകൾക്ക് വഴിമാറുന്നത് സർവസാധാരണവും. ചുമലിൽ വന്നുവീഴുന്ന വലിയ സാമ്പത്തിക ബാധ്യതകൾതന്നെ കാരണം.

പക്ഷേ, ഭവന വായ്പകളെ അത്രയേറെ ഭയക്കേണ്ടതുണ്ടോ​?. ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന വായ്പയാണ് ഭവന വായ്പ. അൽപം കരുതലും ആസൂത്രണവും ഉണ്ടെങ്കിൽ ഭവന വായ്പകളെ നമ്മുടെ നിയന്ത്രണത്തിൽ നിർത്താവുന്നതേയുള്ളൂ. ബാങ്കുകളിൽനിന്നോ അംഗീകൃത ഭവന വായ്പാ ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ മാത്രമേ വീടു നിർമാണത്തിനുള്ള വായ്പ എടുക്കാവൂ. കൂടാതെ, ഓരോ വ്യക്തിയുടെയും വരുമാനത്തിന്‍റെ അളവും സാമ്പത്തിക ശേഷിയും ശരിക്ക് മനസ്സിലാക്കി മാത്രം വായ്പ എടുക്കുക. ചുരുക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും ഒഴിവാക്കുകയും ചെയ്യാം.

ഇ.എം.ഐ എന്ന ‘ഇടിത്തീ’

ഏതു വായ്പ എടുത്താലും ഏല്ലാ മാസവും അനുഭവിക്കേണ്ട ഇടിത്തീയാണ് ഇ.എം.ഐ അഥവാ പ്രതിമാസ വായ്പാ തിരിച്ചടവ് തുക. ഭവന വായ്പകൾ ദീർഘകാല വായ്പകളായതിനാൽതന്നെ വായ്പ എടുക്കും മുമ്പ് ഇ.എം.ഐ ജീവിതത്തിൽ ഉണ്ടാക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് നല്ല ധാരണ വേണം. നിങ്ങൾ നല്ല ഉപഭോക്താവാണെങ്കിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിങ്ങളുടെ വരുമാനത്തിന്‍റെ 80 ശതമാനം വരെ ഇ.എം.ഐ വരുന്ന വിധം വായ്പകൾ തരും. വളരെ അത്യാവശ്യ സമയത്ത് പെടുന്നനെ ലഭിക്കുന്ന ഈ പ്രലോഭനത്തിൽ വീണാൽ ഇ.എം.ഐ ഭാവിയിൽ ഇടിത്തീയായി മാറും എന്ന് മാത്രമല്ല വായ്പ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യും. കാരണം നിങ്ങളുടെ മറ്റു ചെലവുകൾ തുടർന്നുള്ള വർഷങ്ങളിൽ കുതിച്ചുയരുമെന്ന വസ്തുത ഇവിടെ വിസ്മരിക്കപ്പെടുകയാണ്.

തിരിച്ചടവ് കാലാവധി

പലകാര്യങ്ങൾ പരിഗണിച്ചുവേണം വായ്പാ കാലാവധി നിശ്ചയിക്കാൻ. കാലാവധി നീളുന്നത് പലിശ ഇനത്തിൽ കൂടുതൽ ബാധ്യത വരാൻ കാരണമാകും എന്നതു ശരിയാണ്. എന്നാൽ, പണപ്പെരുപ്പം മൂലം രൂപയുടെ മൂല്യത്തിൽ ഉണ്ടാവുന്ന കുറവുകൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്നു ലഭിക്കുന്ന വായ്പാ തുകയുടെ മൂല്യം വർഷങ്ങൾക്കു ശേഷം വളരെ കുറയും.

വായ്പാ കാലാവധി കുറയുന്നതിനനുസരിച്ച് ഇ.എം.ഐ ഉയരും. അപ്പോൾ ആവശ്യമായ തുക വായ്പ എടുത്തു കഴിയുമ്പോൾ ഇ.എം.ഐ വരുമാനത്തിന്‍റെ 50 ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിഞ്ഞെന്നു വരില്ല. ഇതുകൂടി പരിഗണിച്ചു വേണം വായ്പാ കാലാവധി നിശ്ചയിക്കാൻ. വായ്പാ കാലാവധി 20 വർഷത്തിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.

ഡൗൺപേമെന്റ് അഥവാ മുതൽ മുടക്ക്

ഭവന വായ്പയുടെ ഇ.എം.ഐ, തിരിച്ചടവ് കാലാവധി എന്നിവ സുപരിചിതമാണെങ്കിലും അധികം പേരും ശ്രദ്ധിക്കാത്ത കാര്യമാണ് ഡൗൺപേമെന്‍റ് അഥവാ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിങ്ങൾ കൈയിൽ നിന്ന് മുടക്കുന്ന തുക. ഇ.എം.ഐയും തിരിച്ചടവ് കാലാവധിയുംപോലെതന്നെ സുപ്രധാനമാണ് ഡൗൺപമെന്‍റും.

വീടിന് ആകെ പ്രതീക്ഷിക്കുന്ന ചെലവിന്‍റെ 10 ശതമാനം കഴിഞ്ഞുള്ള തുക വരെ ധനകാര്യ സ്ഥാപനങ്ങൾ നല്ല ഇടപാടുകാർക്ക് വായ്പയായി വാഗ്ദാനം ചെയ്യും. ഈ പ്രലോഭനത്തിൽ വീണാൽ ഭാവിയിൽ വൻഭാരമാവുന്ന വായ്പയിലാവും നിങ്ങൾ ചെന്നകപ്പെടുക. ആകെ ചെലവിന്‍റെ 30 ശതമാനം തുകയെങ്കിലും സ്വന്തം നിലക്ക് കണ്ടെത്താൻ കഴിയണം.

ക്രെഡിറ്റ് സ്കോർ പൊല്ലാപ്പ്

ധനകാര്യ സ്ഥാപനങ്ങളുമായി ക്രെഡിറ്റ് സ്കോറിനെ ചൊല്ലിയുള്ള തർക്കങ്ങൾ കോടതികൾ വരെ കയറിയിട്ടുണ്ട്. എടുത്ത വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുക, ക്രെഡിറ്റ് കാർഡ് ബാധ്യതകൾ കൃത്യസമയത്ത് തീർക്കുന്നതിലെ വീഴ്ച, അമിതമായ വായ്പകൾ തുടങ്ങിയ കാരണങ്ങളാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ സിബിൽ റിപ്പോർട്ട് മോശമാവാൻ കാരണം.

ഭവന വായ്പയെടുക്കുന്നവരെ കുറഞ്ഞ ക്രെഡിറ്റ് സ്കോർ വളരെ ദേഷകരമായി ബാധിക്കും. വായ്പാ തുക കുറയാനും പലിശ നിരക്ക് കൂടാനും ഇത് ഇടയാക്കും. അതുകൊണ്ടുതന്നെ വായ്പക്ക് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കും മുമ്പുതന്നെ ആവശ്യത്തിനു ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പാക്കണം. മികച്ച നിരക്കിൽ ഉയർന്ന തോതിൽ വായ്പ ലഭിക്കാൻ കുറഞ്ഞത് 750നു മുകളിൽ സിബിൽ സ്കോർ ഉണ്ടായിരിക്കണം. സിബിൽ സ്കോർ പരിശോധിക്കാൻ ഇപ്പോൾ വെബ്സൈറ്റുകൾ നിരവധിയുണ്ട്.

കുറഞ്ഞ പലിശയോ കുറഞ്ഞ ഇ.എം.ഐയോ?

ഭവന വായ്പയെടുക്കാൻ തീരുമാനിച്ചാൽ പിന്നെ ആദ്യം തിരക്കുക കുറഞ്ഞ പലിശ എവിടെയാണെന്നാണ്. പലിശ നിരക്ക് കുറവാണെന്നുവെച്ച് തിരിച്ചടവ് തുക കുറയണമെന്നില്ല. ഇക്കാര്യത്തിൽ ചെയ്യേണ്ടത് കുറഞ്ഞ ഇ.എം.ഐയുള്ള വായ്പ തെരഞ്ഞെടുക്കുകയെന്നതാണ്.

വായ്പകൾ രണ്ടുവിധമുണ്ട്. ഒരോ മാസവും തിരിച്ചടക്കുന്ന തുകയിൽ മുതലിലേക്ക് പോകുന്ന ഭാഗം കുറച്ച് അടുത്ത മാസത്തെ പലിശ ബാധ്യത കണക്കാക്കുന്ന ‘ഡിമിനിഷിങ് ലോണും’ നിശ്ചിത കാലയളവിൽ മാത്രം മുതലിലേക്ക് അടക്കുന്ന തുക വരവുവെച്ച് ബാക്കി തുകക്ക് പലിശ കണക്കാക്കുന്ന ‘ഫ്ലാറ്റ് ഇന്‍ററസ്റ്റ്’ ലോണും. ഇതിൽതന്നെ ഒരിക്കലും പലിശ നിരക്ക് മാറാത്ത ‘ഫിക്സ്ഡ് ഇന്‍ററസ്റ്റും’, വിപണിയിൽ പലിശ നിരക്കിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് ആനുപാതികമായി പലിശ നിരക്ക് മാറുന്ന ‘ഫ്ലോട്ടിങ് ഇന്‍ററസ്റ്റും’.

‘ഫ്ലാറ്റ് ഇന്‍ററസ്റ്റ്’ വയ്പക്ക് പലിശ നിരക്ക് കുറവായിരിക്കും. എന്നാൽ, തിരിച്ചടവ് കാലാവധിയിൽ വരുന്ന ആകെ പലിശ ബാധ്യത കുറവാകണമെന്നില്ല. അതുകൊണ്ട് വായ്പ എടുക്കുമ്പോൾ പലിശ നിരക്കിനെക്കാൾ ശ്രദ്ധിക്കേണ്ടത് വായ്പയുടെ ഇ.എം.ഐയാണ്. ഏറ്റവും കുറവ് ഇ.എം.ഐയുള്ള വായ്പ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇ.എം.ഐയിൽ ഉണ്ടാകുന്ന ചെറിയ കുറവ് പോലും തിരിച്ചടക്കുന്ന തുകയിൽ വലിയ വ്യത്യാസം ഉണ്ടാക്കും. നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോറും മറ്റും ഉണ്ടെങ്കിൽ ധനകാര്യ സ്ഥാപനവുമായി സംസാരിച്ച് പലിശ നിരക്കിൽ ഇളവുകൾ നേടാനും ശ്രദ്ധിക്കണം.

വായ്പ എവിടുന്ന്

ബാങ്കുകൾക്ക് പുറമെ, ഭവന വായ്പകൾ മാത്രം വിതരണം ചെയ്യുന്ന നിരവധി ബാങ്കിതര ധനകാര്യ സ്ഥാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏതു തെരഞ്ഞെടുക്കണം എന്നതും വായ്പയെടുക്കാൻ ശ്രമിക്കുന്നവരെ കുഴക്കുന്ന ചോദ്യമാണ്. കുറഞ്ഞ പലിശ ബാധ്യതയുള്ള വായ്പ എവിടെനിന്ന് ലഭിക്കുമോ അത് തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, അത്ര ലളിതമല്ല ഇക്കാര്യവും.

ബാങ്കുകൾക്ക് ഇടപാടുകാരിൽനിന്ന് പലതരം നിക്ഷേപങ്ങൾ സ്വീകരിക്കാം. എന്നാൽ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് അതിന് അനുമതിയില്ല. അവർ വിപണി നിരക്കിലും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പുറത്തിറക്കുന്ന ബോണ്ടുകൾ വഴിയാണ് പണസമാഹരണം നടത്തുന്നത്. അതുകൊണ്ടുതന്നെ ബാങ്കുകളെക്കാൾ അൽപം ഉയർന്ന പലിശയാവും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ. പക്ഷേ, വായ്പ ലഭിക്കാൻ ബാങ്കുകളെക്കാൾ എളുപ്പം ധനകാര്യ സ്ഥാപനങ്ങളാണ്.

നേരത്തേ തീർക്കാം വായ്പാ ബാധ്യത

നിർമാണം പൂർത്തിയാകുമ്പോൾതന്നെ വായ്പ തിരിച്ചടവിന് ശ്രമവും തുടങ്ങാം. തിരിച്ചടവ് തുടങ്ങുമ്പോൾ ഒരോ വർഷവും ഒരു ഗഡു അധികം അടക്കുക. അതായത് വർഷം 12 ഇ.എം.ഐക്ക് പകരം 13. അധിക ഗഡു വിഭജിച്ചോ ഒറ്റതവണയായോ അടക്കാം. വായ്പയുടെ ആദ്യ വർഷങ്ങളിൽ തിരിച്ചടക്കുന്ന തുകയിൽ ഭൂരിഭാഗവും പലിശയിലേക്കാവും പോവുക. എന്നാൽ, അധികമായി അടക്കുന്ന ഗഡു പൂർണമായും മുതലിലാവും കുറക്കുക. ഇത് വരും വർഷങ്ങളിലെ പലിശ ബാധ്യത കുറക്കുകയും കൂടുതൽ തുക മുതലിലേക്ക് പോവുകയും ചെയ്യും.

രണ്ടാമതു ചെയ്യേണ്ടത് ഒരോ വർഷവും നിങ്ങളുടെ വരുമാനത്തിൽ ഉണ്ടാകുന്ന വർധനക്ക് ആനുപതികമായി ഇ.എം.ഐ തുക സ്വയം വർധിപ്പിക്കുക. ഒരോ വർഷവും 1000രൂപ വീതം വർധിപ്പിക്കാൻ കഴിഞ്ഞാൽപോലും വായ്പ വളരെ വേഗത്തിൽ അടച്ചു തീർക്കാൻ കഴിയും.

മൂന്നാമതായി ഒരു കാര്യം കൂടി ചെയ്യാം. മാസവരുമാനത്തിനു പുറമെ, ലഭിക്കുന്ന അധികവരുമാനത്തിന്‍റെ നല്ലൊരു പങ്ക് ഭവനവായ്പ തിരിച്ചടവിനായി നീക്കിവെക്കാൻ ശീലിക്കുക. ഇത്രയും ചെയ്താൽ ഭവന വായ്പ അടച്ചുതീരുന്നത് നിങ്ങൾ അറിയുകയേ ഇല്ല.

മുന്നൊരുക്കം അടിത്തറ

ഒരാൾക്ക് ജീവിതത്തിൽ ഏറ്റവും വലിയ ബാധ്യത സമ്മാനിക്കുന്ന സമ്പാദ്യമാണ് വീട്. പക്ഷേ, അൽപം കരുതലോടെ ഒരുങ്ങിയാൽ വീട് ഭാരമേ അല്ലാതാകും. സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും ഉണ്ടാകണമെന്നു മാത്രം.വരുമാനം ആർജിച്ചു തുടങ്ങുമ്പോൾതന്നെ വീട് സ്വന്തമാക്കുന്നതിനായി ഒരു തുക നീക്കിവെക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കുറഞ്ഞത് വരുമാനത്തിന്‍റെ 20 ശതമാനമെങ്കിലും വിവിധ നിക്ഷേപങ്ങളിലായി നീക്കിവെക്കാം. ബാങ്കുകളും മറ്റും നൽകുന്ന റിക്കറിങ് നിക്ഷേപങ്ങളും ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലെ ‘സിപും’ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ) ഇതിനായി തെരഞ്ഞെടുക്കാം. ഓഹരി നിക്ഷേപങ്ങളിൽ വൈദഗ്ധ്യമുള്ളവർക്ക് നേരിട്ട് മികച്ച ഓഹരികൾ തെരഞ്ഞെടുത്ത് ഓരോ മാസവും നിക്ഷേപിക്കുന്നതും പരിഗണിക്കാം.

ഇപ്രകാരം ചുരുങ്ങിയത് ആറു മുതൽ എട്ടു വർഷം വരെ നിക്ഷേപം തുടർന്നാൽ സ്വപ്ന ഗൃഹത്തിനു ശക്തമായ അടിത്തറയാവും. വീടു നിർമാണത്തിനായി ഡൗൺപേമെന്‍റ് ഇനത്തിൽ ലക്ഷ്യമിടുന്ന തുകയുടെ നല്ലൊരു ഭാഗവും ഇപ്രകാരം കണ്ടെത്താനാവും.ഇങ്ങനെ ആദ്യമേ നീക്കിവെക്കുന്നതിനു മറ്റൊരു ഗുണം കൂടിയുണ്ട്. വീടു പൂർത്തിയായിക്കഴിയുമ്പോൾ പ്രതിമാസ ഇ.എം.ഐയിലേക്ക് ഈ തുക കൂടി വിനിയോഗിക്കാൻ കഴിയും.

20-30-40 ഭവന വായ്പയുടെ സുവർണ നിയമം

ഭവനവായ്പയെടുക്കാൻ ഒരുങ്ങുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട സുവർണ നിയമമാണ് 20-30-40 എന്ന തത്ത്വം. ഭാവിയിൽ ഭവന വായ്പ കുരുക്കാവാതിരിക്കാൻ ധനകാര്യ വിദഗ്ധർ നിർദേശിക്കുന്ന ഈ സാമ്പത്തിക അച്ചടക്കം 1980തുകളിലും 90കളിലും ബാങ്കുകളും ധനകാര്യ സ്ഥാനപനങ്ങളും തന്നെ നിഷ്കർഷിച്ചിരുന്നു. എന്നാൽ, വിപണിയിൽ മത്സരം മുറുകിയതോടെ ഈ സുവർണ നിയമം സൗകര്യപൂർവം വിസ്മരിക്കപ്പെടുകയായിരുന്നു.

ഇതിൽ 20 സൂചിപ്പിക്കുന്നത് വായ്പാ കാലാവധിയാണ്. കാലാവധി പരമാവധി 20 വർഷത്തിൽ ഒതുക്കി നിർത്തണം. ഇ.എം.ഐ താങ്ങാനാവുമെങ്കിൽ ഇതിലും കുറഞ്ഞ കാലാവധി തെരഞ്ഞെടുക്കുക.

30 നിങ്ങളുടെ എല്ലാ വായ്പകളുടെയും (വാഹന, വ്യക്തിഗത വായ്പ ഉൾപ്പെടെ) പ്രതിമാസ തിരിച്ചടവ് തുക (ഇ.എം.ഐ) ചേർത്തുള്ള തുകയാണ് സൂചിപ്പിക്കുന്നത്. ഈ തുക വാർഷിക വരുമാനത്തിന്‍റെ 30 ശതമാനത്തിൽ കൂടരുത്. നിങ്ങളുടെയും പങ്കാളിയുടെയും ശമ്പളം അല്ലെങ്കിൽ വരുമാനം, ബോണസ്, മറ്റു വരുമാനങ്ങൾ, നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം എന്നിവയെല്ലാം ചേർത്താണ് വാർഷിക വരുമാനം കണക്കാക്കുക. ഇതിന്‍റെ 30 ശതമാനത്തിൽ വാർഷിക തിരിച്ചടവ് ഒതുക്കണം. ഈ തുകയെ 12കൊണ്ട് ഹരിച്ച് നിങ്ങൾക്ക് താങ്ങാവുന്ന പ്രതിമാസ ഇ.എം.ഐ കണക്കാക്കാം.

ഒടുവിൽ വരുന്ന 40 ഡൗൺപേമെന്‍റിനെയാണ് സൂചിപ്പിക്കുന്നത്. വീടിനായി സമ്പാദ്യത്തിൽനിന്ന് കണ്ടെത്തുന്ന തുകയാണിത്. വീടിനായി ആകെ വരുന്ന ചെലവിന്‍റെ 40 ശതമാനമെങ്കിലും ഈ ഇനത്തിൽ കണ്ടെത്തണമെന്നാണ് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseFinance News
News Summary - House construction
Next Story