17ാം വയസ്സിൽ സ്കൂൾ ഉപേക്ഷിച്ച് ഓഹരി വിപണിയിലേക്ക്; സെറോദക്ക് പിന്നിലെ ശതകോടീശ്വരനെ അറിയാം
text_fieldsനിഖിൽ കമ്മത്തെന്ന പേര് ഇന്ന് ഇന്ത്യൻ വ്യവസായ ലോകത്ത് പ്രശസ്തമാണ്. ഇന്ത്യയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരരിൽ ഒരാളായ കമ്മത്ത് ഓഹരി ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സഹ സ്ഥാപകൻ കൂടിയാണ്. 17ാം വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ചാണ് കമ്മത്ത് ഓഹരി വിപണിയിലിറങ്ങുന്നത്. പിന്നീട് വ്യവസായ ലോകത്തെ തിളങ്ങുന്ന നക്ഷത്രമായി ഉയർന്ന് വരികയും ചെയ്തു.
സ്കൂൾ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് കമ്മത്ത് എക്കാലത്തും പറഞ്ഞിരുന്നത്. പഠനത്തിൽ താൽപര്യം നഷ്ടമായപ്പോൾ താൻ ചെസ് കളിക്കാൻ തുടങ്ങിയെന്ന് ഹ്യുമൻസ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 14ാം വയസ്സിലാണ് നിഖിൽ കമ്മത്ത് ആദ്യമായി ഒരു ബിസിനസ് തുടങ്ങുന്നത്. സെക്കൻഡ് ഹാൻഡ് മൊബൈലുകൾ കൂട്ടുകാർക്ക് വിറ്റായിരുന്നു തുടക്കം. എന്നാൽ, ഇക്കാര്യം അമ്മയറിഞ്ഞതോടെ ബിസിനസ് പൊട്ടി.
പിന്നീട് 17ാം വയസ്സിൽ കാമുകിയോടൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി. വൈകീട്ട് നാല് മുതൽ പുലർച്ചെ ഒരു മണി വരെ കോൾ സെന്‍ററിൽ ജോലി ചെയ്ത് പണമുണ്ടാക്കി. പകൽ സമയങ്ങളിൽ ഓഹരി വിപണിയിലും ഒരുകൈ നോക്കി. അച്ഛൻ നൽകിയ പണമായിരുന്നു ഓഹരി വിപണിയിലിറക്കിയത്. എന്തായാലും ഓഹരി വിപണി നിഖിലിനെ ചതിച്ചില്ല. വൈകാതെ തന്നെ സഹോദരൻ നിതിൻ കമ്മത്തിനൊപ്പം സെറോദയെന്ന സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിനും തുടക്കം കുറിച്ചു. ആ ചുവടുവെപ്പ് വെറുതെയായില്ല. ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായി സെറോദ വളർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.