മുറി വാടക ഉയർന്നതെങ്കിൽ ഭക്ഷണവും പൊള്ളും
text_fieldsവൻകിട ഹോട്ടലുകളിലെ റസ്റ്റാറന്‍റുകളുടെ കാര്യത്തിൽ പിടിമുറക്കുകയാണ് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. മുറിക്ക് ദിവസ വാടകയായി 7500 രൂപ ഈടാക്കുന്ന ഹോട്ടലുകളോട് ചേർന്നു പ്രവർത്തിക്കുന്ന റസ്റ്റാറന്‍റുകളിലെ ഭക്ഷണത്തിന് ഏപ്രിൽ ഒന്നു മുതൽ 18 ശതമാനം ജി.എസ്.ടി നൽകണം. നിലവിൽ അഞ്ച് ശതമാനമാണ്. ഇത്തരം നികുതി വർധനവിന് ഒരു ഉപാധികൂടിയുണ്ട്. നടപ്പുസാമ്പത്തിക വർഷം (2024-25ൽ) മുറി വാടക 7500 രൂപയോ അതിന് മുകളിലോ ഈടാക്കിയ ഹോട്ടലുകളിലെ റസ്റ്റാറന്‍റുകൾക്കാണ് ഏപ്രിൽ ഒന്നുമുതൽ 18 ശതമാനം ബാധകമാവുക. ഇവക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച് റസ്റ്റാറന്റുകളുടെ നികുതിയടക്കാം.
ഇത്തരം ഹോട്ടലുകളെ ‘സ്പെസിഫൈഡ് പ്രെമിസസ്’ ആയി പ്രഖ്യാപിക്കും. ഇതിന് മാർച്ച് 31നുമുമ്പ് കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള രേഖകൾ ഫയൽ ചെയ്യണം. ഏതെങ്കിലും ഹോട്ടൽ താമസ മുറിയുടെ പ്രഖ്യാപിത താരിഫ് 7500 രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ‘സ്പെസിഫൈഡ് പ്രെമിസസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജി.എസ്.ടി കൗൺസിൽ തീരുമാനപ്രകാരം ഇറക്കിയ വിജ്ഞാപനത്തിന്റെ ഭാഗമായാണ് നികുതി വർധന.
ഇനി ഹോട്ടൽമുറിക്ക് പ്രഖ്യാപിത താരിഫ് 7500 രൂപയിൽ കൂടുതലായിരിക്കുകയും എന്നാൽ, 2024-25ൽ 7500 രൂപയോ അതിൽക്കുറവോ ആണ് ഈടാക്കിയിട്ടുള്ളതെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അഞ്ചുശതമാനം നിരക്കിൽ ജി.എസ്.ടി അടച്ചാൽ മതിയാകും. ‘പ്രഖ്യാപിത താരിഫ്’ സംബന്ധിച്ച് നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് ജി.എസ്.ടി കൗൺസിൽ ഇതിൽ വ്യക്തത വരുത്തിയത്.
പഴയ പരോക്ഷ നികുതി നിയമങ്ങളിൽ, ഹോട്ടൽ താമസ സേവനങ്ങൾ ആഡംബരമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതിനാൽ, ഈ സേവനങ്ങൾ സംസ്ഥാനങ്ങൾ ചുമത്തുന്ന ആഡംബര നികുതിക്ക് വിധേയമായിരുന്നു. ഈ നിയമമനുസരിച്ച്, ഹോട്ടലുകൾ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബാധകമായ താരിഫ് നിരക്കുകളും അവരുടെ ബിസിനസ് സ്ഥലത്ത് വ്യക്തമായി പ്രദർശിപ്പിക്കണം.
കൂടാതെ, താരിഫ് നിരക്കുകൾ ബന്ധപ്പെട്ട അധികാരികൾക്ക് വർഷാവർഷം സമർപ്പിക്കുകയും വേണമായിരുന്നു. ജി.എസ്.ടി നിയമം വന്നതോടെ ഹോട്ടൽ താമസ സേവനങ്ങൾക്കും റസ്റ്റാറന്റ് സേവനങ്ങൾക്കും ബാധകമായ ജി.എസ്.ടി നിരക്ക് ഹോട്ടലുകളുടെ പ്രഖ്യാപിത താരിഫുമായി ബന്ധപ്പെടുത്തി. ഈ പ്രഖ്യാപിത താരിഫിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിർണയിക്കുന്നത്.
ആവിയിൽ പുഴുങ്ങുന്ന പലഹാരങ്ങൾ; ജി.എസ്.ടി കുറക്കണമെന്ന് കേരളം
ആവിയിൽ പുഴുങ്ങുന്ന പലഹാരങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ തീരുമാനം കേരളത്തിന്‍റെ വയറ്റത്തടിക്കുന്നതാണ്. നമ്മുടെ കൊഴുക്കട്ടയടക്കം ‘പ്രീമിയം ക്ലാസിലേക്ക്’ കയറുന്ന നിലയാണിപ്പോൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ തനത് പലഹാരങ്ങൾക്ക് അഞ്ചു ശതമാനമായി നികുതി ഏർപ്പെടുത്തിയപ്പോഴാണ് കേരളത്തിന് സ്വന്തം പലഹാരങ്ങൾക്ക് 18 ശതമാനമായി നികുതി വന്നത്. നമ്മുടേത് ഒരു ദിവസം മാത്രം ആയുസ്സുള്ള പലഹാരങ്ങളാണ്.മറ്റുള്ളവരുടേത് ഒന്നിലധികം ദിവസം ഇരുന്നാലും കുഴപ്പമില്ലാത്തതും.
ഇക്കാര്യത്തിലെ വിവേചനവും നികുതിയിളവും ചൂണ്ടിക്കാട്ടി ജി.എസ്.ടി കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് കേരളം. കേരളത്തിന്റെ പരാതിയിൽ നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട ഉപസമിതിയുടെ പരിഗണനയിലാണെന്നാണ് വിവരം. കൊഴുക്കട്ടയുടെ പൊള്ളും വില നിയമസഭയിലും ഉന്നയിക്കപ്പെട്ടു. സംഗതി സ്ഥിരീകരിച്ച ധനമന്ത്രി ജി.എസ്.ടി കുറക്കാനുള്ള ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
കുടിശ്ശിക തീർക്കാൻ ആനംസ്റ്റി
ജി.എസ്.ടി വരുന്നതിന് മുമ്പുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിന് ആംനസ്റ്റി പദ്ധതിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷത്തെ ആനംസ്റ്റി പദ്ധതിയിൽ (2024) ആകർഷകമായ ദേഭഗതികളോടെയാണ് ഇക്കുറി സമാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന സ്ലാബിനാണ് ഇളവുള്ളത്. ഏറ്റവും ഉയർന്ന സ്ലാബ് എന്നത് ഒരു കോടിയും അതിലധികവും കുടിശ്ശികയുള്ളവർ ഉൾപ്പെടുന്നതാണ്. ഇതിൽ കോടതി വ്യവഹാരമുള്ള കേസുകളിൽ അടക്കേണ്ട തുക 70 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കിയും വ്യവഹാരമില്ലാത്തവക്ക് 80 ശതമാനം എന്നത് 60 ശതമാനമാക്കിയുമാണ് ഭേദഗതി.
ബാർ ഹോട്ടലുകൾക്ക് കുടിശ്ശിക തീർക്കുന്നതിന് മുൻകാല ആംനസ്റ്റിയുടെ തുടർച്ച എന്ന നിലയിൽ പൂർണമായ നികുതി കുടിശ്ശികയും പലിശയുടെ 50 ശതമാനവും അടച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കി നൽകാൻ മൂന്നുമാസം കൂടി സമയം നൽകി. 2021 ജൂലൈ വരെയുള്ള പ്രളയ സെസ് അടക്കാൻ ബാക്കിയുള്ളവർക്ക് പിഴയും പലിശയും ഇല്ലാതെ അടക്കാനുള്ള പ്രളയ സെസ് ആനംസ്റ്റിയും ഇക്കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2022 ജൂൺ മുതൽ ഡിസംബർ വരെയുള്ള വിറ്റുവരവ് നികുതി കുടിശ്ശിക ബാക്കിയുള്ളവർക്ക് ഇത് തീർപ്പാക്കാൻ ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്‍റ് സ്കീം 2025 പദ്ധതിയും അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിലെ ടേണോവർ ടാക്സ് കുടിശ്ശിക പൂർണമായും അടച്ചാൽ പിഴ, പലിശ എന്നിവ ഒഴിവാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.