വാടക വരുമാനത്തിന്റെ ആദായ നികുതി
text_fieldsആദായ നികുതി വകുപ്പ് 22 പ്രകാരം കെട്ടിടങ്ങളിൽ നിന്നുള്ള വാടക വരുമാനം നികുതി വിധേയമാണ്. കെട്ടിടം നികുതിദായകന്റെ ഉടമസ്ഥതയിൽ ഉള്ളതും താമസത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ വാടകക്ക് നൽകിയതുമായിരിക്കണം. പക്ഷേ, ലഭിക്കുന്ന വാടകത്തുക മുഴുവന്‍ വരുമാനമായി കണക്കാക്കില്ല. അതില്‍ നിന്ന് ചില കിഴിവുകള്‍ അനുവദിച്ചിട്ടുണ്ട് (സെക്ഷൻ 24).
വാടകക്ക് നൽകിയ കെട്ടിടത്തിന്റെ, കടയുടെ അല്ലെങ്കിൽ വീടിന്റെ മൊത്ത വാര്‍ഷിക മൂല്യത്തില്‍ നിന്ന് മുനിസിപ്പല്‍ കെട്ടിട നികുതി കുറച്ചാല്‍ കിട്ടുന്നതാണ് അറ്റ വാര്‍ഷിക മൂല്യം. നികുതി വീട്ടുടമസ്ഥന്‍ തന്നെയാണ് പ്രസ്തുത വര്‍ഷം അടച്ചതെങ്കിലാണ് ഇത് കുറക്കാന്‍ അനുവദിക്കുക.
വസ്തുവിന്റെ നിയമപരമായ ഉടമക്കാണ് ഈ വിഭാഗത്തിൽ വാടക വരുമാനത്തിന് നികുതി വരുക. ഒരാൾക്ക് ഒന്നിലധികം വീടുകൾ ഉണ്ടെങ്കിൽ അതിൽ രണ്ടെണ്ണം സ്വന്തം ഉപയോഗത്തിനായി കാണിക്കാൻ അനുമതിയുണ്ട്. ഇതിന് നികുതി ബാധ്യതയില്ല. വാടകക്ക് കൊടുക്കാതെ രണ്ടിൽ കൂടുതൽ വീടുകളുണ്ടെങ്കിൽ അതിന് നികുതി ബാധ്യതയുണ്ട്.
നിങ്ങളുടെ വാടക വരുമാനം വയോധികരായ മാതാപിതാക്കൾക്കോ പങ്കാളിക്കോ നീക്കിവെച്ച് അവരുടെ അക്കൗണ്ടിലേക്കാണ് വരുന്നതെങ്കിലും വാടക നിയമപരമായി ലഭിക്കുന്നതിനുള്ള അവകാശം നിങ്ങൾക്കായതിനാൽ നികുതി ബാധ്യതയും നിങ്ങൾക്ക് തന്നെയായിരിക്കും.
ആദായനികുതി നിയമത്തിൽ വാടക വരുമാനത്തിന് ചില നികുതി കിഴിവുകൾ ഉണ്ട്
● വകുപ്പ് 24 (എ) പ്രകാരം മൊത്തം വാർഷിക വരുമാനത്തിൽനിന്ന് കെട്ടിട നികുതി കുറച്ച ശേഷമുള്ള തുകയുടെ 30 ശതമാനം കിഴിക്കാം. കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണിക്കുള്ള തുക എന്ന് കണക്കാക്കിയാണ് ഈ കിഴിവ് നൽകുന്നത്.
● വീടോ കെട്ടിടമോ വാങ്ങുന്നതിനോ നിർമിക്കുന്നതിനോ പുതുക്കിപ്പണിയുന്നതിനോ വേണ്ടി വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ആ സാമ്പത്തിക വർഷത്തെ പലിശ വാടക വരുമാനത്തിൽനിന്ന് കുറക്കാം.
● ഒരു വസ്തു വാങ്ങുന്നതിനോ നിർമാണം പൂർത്തിയാക്കുന്നതിനോ മുമ്പ് അത് വാങ്ങിക്കാനോ നിർമിക്കാനോ വായ്പ എടുത്തിട്ടുണ്ടെങ്കിലും (നിർമാണത്തിന് മുമ്പുള്ള വായ്പ) നികുതിയിൽനിന്ന് പലിശ കുറക്കാം. വസ്തു വാങ്ങിയതോ നിർമാണം പൂർത്തിയായതോ ആയ വർഷം മുതൽ അഞ്ചു വർഷത്തേക്ക് ഈ ഇളവ് ലഭിക്കും. അതായത്, 2020ൽ നിങ്ങളെടുത്ത വായ്പയിൽ 2023ൽ കെട്ടിട നിർമാണം പൂർത്തിയാകുന്നു. 2024 മുതൽ വാടകക്ക് നൽകുന്നുവെങ്കിൽ 2020 മുതലുള്ള ആകെ പലിശയെ അഞ്ചു ഭാഗമാക്കി അഞ്ചുവർഷം നികുതിയിൽനിന്ന് ഇളവ് നേടാം.
ഈ കിഴിവ് ലഭിക്കുന്നതിന്, വായ്പയെടുത്ത ബാങ്കിനോ ധനകാര്യ സ്ഥാപനത്തിനോ അടക്കേണ്ട പലിശ തുക, മുതലിന്റെ തിരിച്ചടവിൽ നിന്ന് വേറിട്ട് കണക്കാക്കേണ്ടതുണ്ട്. നിങ്ങൾ യഥാർഥത്തിൽ വായ്പ തിരിച്ചടച്ചിട്ടുണ്ടോ എന്നത് പ്രശ്നമല്ല. പൂർണമായ വാർഷിക പലിശ തുകക്ക് നിങ്ങൾക്ക് ഇളവ് ലഭിക്കും.
വാടക വരുമാനം എന്നത് നമ്മുടെ ആ വർഷത്തെ മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടിയിട്ട് മൊത്തം വരുമാനത്തിനാണ് നികുതി ചുമത്തുന്നത്. വ്യക്തികൾക്കുള്ള സ്ലാബ് നിരക്കിൽ ആദായ നികുതി കണക്കാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.