ചൈന പ്ലസ് ഒന്നിന്റെ നേട്ടം ഇന്ത്യക്ക്
text_fieldsഅമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം മുറുകുകയാണ്. ആരും വിട്ടുകൊടുക്കുന്നില്ല. ലോകത്തിലെ രണ്ട് വൻ ശക്തികളുടെ മത്സരം തീരുവ വർധിപ്പിക്കലിൽ നിൽക്കുകയില്ല. കറൻസിയിലേക്കും ബോണ്ടിലേക്കുമെല്ലാം നീങ്ങിത്തുടങ്ങിയിരിക്കുന്നു. യു.എസ് ഡോളർ മൂന്ന് വർഷത്തെ താഴ്ന്ന നിലയിലെത്തി. യു.എസ് ട്രഷറി ബോണ്ടിലും കൂട്ടവിൽപനയുണ്ടായി.
ഇതൊക്കെ കാരണമാണ് 60ഓളം രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉയർന്ന തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, ചൈനക്കെതിരെ ചുമത്തിയ പകരച്ചുങ്കം യു.എസ് മരവിപ്പിച്ചില്ലെന്ന് മാത്രമല്ല, 145 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. യു.എസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ ഏർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. ലോകവ്യാപാര സംഘടനയിൽ അമേരിക്കക്കെതിരെ അവർ പരാതി സമർപ്പിക്കുകയും ചെയ്തു.
അതിനിടയിൽ എന്തെങ്കിലും നയതന്ത്ര ഇടപെടലുകളോ മഞ്ഞുരുക്കമോ ഉണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചക്ക് ട്രംപ് താൽപര്യം അറിയിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തിൽ വിജയികളുണ്ടാകില്ലെന്നും എല്ലാവരും പ്രതിസന്ധി നേരിടുമെന്നും ഷി ജിൻപിങ് പറഞ്ഞത് വളരെ ശരിയാണ്. പോർമുഖം പടർന്നാൽ ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും. പല വാണിജ്യ വ്യവസായ സ്ഥാപനങ്ങളും തകരും. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടും. ഓഹരി വിപണിയിലും ഇത് പ്രതിഫലിക്കും. ആഗോള വ്യാപാരത്തിൽ ഏഴ് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും ജി.ഡി.പി 0.7 ശതമാനം കുറയുമെന്നുമാണ് യു.എൻ ട്രേഡ് ഏജൻസി മേധാവിയുടെ മുന്നറിയിപ്പ്.
അതേസമയം, ചൈന -യു.എസ് വ്യാപാര യുദ്ധത്തിന്റെ ഗുണഫലം ഇന്ത്യയിലെ പല കമ്പനികൾക്കും ലഭിക്കും. ചൈനയിൽനിന്ന് വാങ്ങുന്നത് ചെലവേറിയതാകുന്നതോടെ ഇന്ത്യ, വിയറ്റ്നാം, തായ്‍ലൻഡ്, കംബോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് യു.എസിൽ അവസരം വർധിക്കും. ചൈനയെ അമിതമായി ആശ്രയിക്കാതിരിക്കാൻ ‘ചൈന പ്ലസ് വൺ’ തന്ത്രം പണ്ടുമുതലേ വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്നുണ്ട്. ഒരു വസ്തു ഏറ്റവും വില കുറച്ച് ചൈനയിൽനിന്ന് ലഭിക്കുന്നുണ്ടെങ്കിലും പൂർണമായി അവിടെനിന്ന് വാങ്ങാതെ ഒരു ഭാഗം മറ്റൊരു രാജ്യത്തുനിന്ന് വാങ്ങുക (ചൈനയും പിന്നെ മറ്റൊരു രാജ്യവും) എന്നതാണ് ഈ തന്ത്രം. പല ഉൽപന്നങ്ങളിലും ഈ മറ്റൊരു രാജ്യമാകാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യയിലെ രാസ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, മരുന്ന്, ലോഹങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഗുണം ലഭിക്കും. അമേരിക്ക മാത്രമല്ല, ജപ്പാൻ, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങളും ‘ചൈന പ്ലസ് വൺ’ വിപുലപ്പെടുത്തുന്നതായി സൂചന നൽകിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അമേരിക്കയും വാണിജ്യ കരാറിലെത്തുന്നതിന്റെ പാതയിലാണ്. എന്തെങ്കിലും ശ്രദ്ധേയമായ ചുവടുവെപ്പ് സാധ്യമാവുന്ന സൂചന ലഭിച്ചാൽ തന്നെ ഓഹരി വിപണിയിൽ താൽക്കാലിക മുന്നേറ്റമുണ്ടാകും. ഏപ്രിൽ 14ന് ഡോ. ബാബാ സാഹിബ് അംബേദ്കർ ജയന്തി, 18ന് ദുഃഖവെള്ളി എന്നിങ്ങനെ ഈയാഴ്ച ഇന്ത്യൻ ഓഹരി വിപണി രണ്ട് ദിവസം അവധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.