ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം കുത്തനെ ഇടിഞ്ഞു
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ വിദേശനാണയ (ഫോറെക്സ്) കരുതൽ ശേഖരം കുത്തനെ ഇടിഞ്ഞു. ഏപ്രിൽ ഒന്നിന് അവസാനിച്ച ആഴ്ചയിൽ 11.173 ബില്യൺ ഡോളർ കുറഞ്ഞ് 606.475 ബില്യൺ ഡോളറിലാണ് കരുതൽ ശേഖരമുള്ളത്. എക്കാലത്തെയും ഉയർന്ന ഇടിവാണിത്.
കഴിഞ്ഞ നാലാഴ്ചക്കിടെ ഏകദേശം 27 ബില്യൺ ഡോളറാണ് ചോർന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ച പിടിച്ചു നിർത്താൻ ഡോളർ വിൽപനയിലൂടെ ആർ.ബി.ഐ പണ വിപണിയിൽ ഇടപെടുന്നത് തുടരുന്നതാണ് തുടർച്ചയായ നാലാമത്തെ ആഴ്ചയും കരുതൽ ശേഖരം കുറയാൻ കാരണം. സാധാരണയായി വിദേശനാണയ കരുതൽ ശേഖരം വിറ്റ് പണ വിപണിയിലെ ചാഞ്ചാട്ടം കുറക്കാൻ റിസർവ് ബാങ്ക് ശ്രമിക്കാറുണ്ട്. എന്നാൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശം തിരിച്ചടിയായി.
വിദേശ നാണയ കരുതൽ ശേഖരത്തിന്റെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തിയിലാണ് വൻ ഇടിവ്. 2022 ഏപ്രിൽ ഒന്നിന് അവസാനിച്ച ആഴ്ചയിൽ 10.727 ബില്യൺ ഡോളർ കുറഞ്ഞ് 539.727 ബില്യൺ ഡോളറാണിപ്പോൾ.
വിദേശ നാണയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികളുടെ മൂല്യം ഉയരുന്നതും താഴുന്നതും വിദേശ കറൻസി ആസ്തികളെ ബാധിക്കാറുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതങ്ങൾ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന് കുറച്ച് നാൾ കൂടി ഭീഷണിയായി തുടരുമെന്ന് ബ്രിട്ടീഷ് നിക്ഷേപക സ്ഥാപനമായ ബാർക്ലേയ്സ് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.