നികുതിയിൽ മാത്രമല്ല കാര്യം
text_fieldsകേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ഏറെ കഴിഞ്ഞിട്ടും ധനമന്ത്രി ആദായ നികുതിയിൽ നൽകിയ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. കൂട്ടലും കിഴിക്കലുമായി ഒരു വിഭാഗം തലപുകയുമ്പോൾ പഴയ നികുതി സംവിധാനമാണോ പുതിയ നികുതി സംവിധാനമാണോ നല്ലതെന്ന ചിന്തയിലാണ് ചിലരെങ്കിലും.
12 ലക്ഷം രൂപ വരെയുള്ള (മാസ ശമ്പളക്കാർക്ക് 12.75 ലക്ഷം) വാർഷിക വരുമാനം പുതിയ നികുതി സമ്പ്രദായത്തിൽ നികുതിയിൽനിന്ന് ഒഴിവാക്കിയതോടെ പഴയ നികുതി സമ്പ്രദായം തികച്ചും അപ്രസക്തമായി എന്ന വിലയിരുത്തലുകൾ ബജറ്റിനു ശേഷം ഉയർന്നുവന്നിരുന്നു. എന്നാൽ, അത് പൂർണമായും ശരിയല്ലെന്ന് നികുതി വിദഗ്ധർ വിലയിരുത്തുന്നു.
പഴയതിനെ തള്ളാൻ വരട്ടെ
12 ലക്ഷം രൂപ വരെ (മാസ ശമ്പളക്കാർക്ക് 12.75 ലക്ഷം) വർഷിക വരുമാനമുള്ളവർക്ക് പുതിയ നികുതി രീതിതന്നെ മികച്ചത്. അതിൽ സംശയം ഒന്നും വേണ്ട. എന്നാൽ, പഴയ സംവിധാനത്തിൽ സാധ്യമായ ഇളവായ 5,75,000 രൂപയും വീട്ടുവാടക ഇനത്തിൽ ശമ്പളത്തിന്റെ 30 ശതമാനവും സ്റ്റാൻഡേർഡ് ഡിഡക്ഷനും പൂർണമായി പ്രയോജനപ്പെടുത്തിയാൽ ആകെ 9,57,000 രൂപയുടെ കിഴിവ് ലഭിക്കും. 12.75 ലക്ഷം രൂപക്ക് മുകളിൽ വരുമാനമുള്ളയാൾക്ക് ഇപ്പോഴും മികച്ചത് പഴയ നികുതി സമ്പ്രദായം തന്നെയാണെന്ന് നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 13 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തി നികുതി കിഴിവിനുള്ള എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തിയാൽ പഴയ നികുതി സംവിധാനത്തിൽ നൽകേണ്ടിവരുന്ന നികുതി 4250 രൂപ മാത്രമാണ്. എന്നാൽ, പുതിയ നികുതി സംവിധാനത്തിൽ ഇയാൾ 75,000 രൂപ നികുതി നൽകേണ്ടിവരും.
വീട്ടുവാടക അലവൻസിന്റെ ഇളവ് പൂർണമായി എല്ലാവർക്കും പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. എന്നിരുന്നാൽപോലും 13.75 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തിയുടെ നികുതി ബാധ്യത പഴയ സംവിധാനത്തിൽ 57,500 രൂപ മാത്രമായിരിക്കും. ഇത് പുതിയ നികുതി സമ്പ്രദായത്തിന്റേതിൽനിന്ന് 20,000 രൂപയോളം കുറവാണ്.
എന്നാൽ, വരുമാനം 20 ലക്ഷം (മാസ ശമ്പളക്കാർക്ക് 12.75 ലക്ഷം) കടന്നാൽ കാര്യങ്ങളുടെ ഗതിമാറും. ഈ വിഭാഗക്കാർക്ക് പുതിയ നികുതി സംവിധാനമായിരിക്കും മികച്ചത്. എച്ച്.ആർ.എയുടെ ഇളവ് കണക്കിലെടുക്കാതെ 20 ലക്ഷം വാർഷിക വരുമാനമുള്ളവരുടെ നികുതി ബാധ്യത പഴയ നികുതി സംവിധാനത്തിൽ 2,40,000 രൂപയായിരിക്കും. എന്നാൽ, പുതിയ നികുതി സംവിധാനത്തിൽ ഇത് രണ്ടു ലക്ഷം രൂപ മാത്രമായിരിക്കും. വരുമാനം 24 ലക്ഷമാണെങ്കിൽ പുതിയ നികുതി സംവിധാനത്തിൽ നേട്ടം 60,000 രൂപയോളമായിരിക്കും.
വയോജനങ്ങൾക്ക് ആശ്വാസം
നികുതി പരിഷ്കാരത്തിന്റെ ഭാഗമായി ബജറ്റിൽ വരുമാന സ്രോതസ്സിൽ ബാധകമാക്കുന്ന (ടി.ഡി.എസ്) നികുതിയിലും സ്രോതസ്സിൽ പിടിക്കുന്ന നികുതിയിലും (ടി.സി.എസ്) വരുത്തിയ മാറ്റങ്ങൾ വയോജനങ്ങൾക്ക് നേട്ടമായി. ടി.ഡി.എസ്, ടി.സി.എസ് പിടിക്കുന്നതിനുള്ള വരുമാന പരിധി ഉയർത്തിയതാണ് ഈ വിഭാഗക്കാർക്ക് നേട്ടമായത്.
മാറ്റങ്ങളുടെ ഭാഗമായി മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഒരു ലക്ഷം രൂപ വരെയുള്ള പലിശക്ക് ഇനി ടി.ഡി.എസ് നൽകേണ്ടതില്ല. നിലവിൽ ഇത് 50,000 രൂപ മാത്രമായിരുന്നു.
മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശയുടെ ടി.ഡി.എസ് പരിധി ഉയർത്തിയത് ബാങ്കുകൾക്കും ഗുണകരമാകും. ബാങ്കുകളിലെ വ്യക്തിഗത നിക്ഷേപങ്ങളിൽ 38 ശതമാനം മുതിർന്ന പൗരന്മാരുടേതാണ്.
ചെറുപ്പക്കാരായ ഇടപാടുകാർ നിക്ഷേപങ്ങളിലേറെയും ഓഹരികളിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും തിരിച്ചുവിടുന്നതിനാൽ ബാങ്കുകൾക്ക് നിക്ഷേപങ്ങൾ സമാഹരിക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഇത് വായ്പ ലഭ്യതയെയും ബാധിച്ചേക്കുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് ധനമന്ത്രിയുടെ നീക്കം.
വാടകയുടെ ടി.ഡി.എസ് പരിധി 2.4 ലക്ഷം രൂപയിൽനിന്ന് ആറു ലക്ഷമായി ഉയർത്തിയത് വാടക ഇനത്തിൽ ചെറിയ തുക ലഭിക്കുന്ന സാധാരണക്കാരായ നികുതിദായകർക്കും ഗുണകരമാകും.
വിദ്യാർഥികൾക്കും ചിരിക്കാം
വിദേശത്തേക്ക് അയക്കുന്ന പണത്തിന് പിടിക്കുന്ന നികുതി (ടി.സി.എസ്) പരിധി ഉയർത്തിയത് ഏറ്റവും ഗുണകരമാകുക വിദേശത്ത് പഠിക്കാൻ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക്. പഠനാവശ്യത്തിനായി വിദേശത്തേക്ക് അയക്കുമ്പോൾ നികുതി ബാധകമാകുന്ന തുക പരിധിയിൽ മൂന്നു ലക്ഷത്തോളം രൂപയുടെ വർധനയാണ് വരുത്തിയത്.
വിദേശ പഠനാവശ്യത്തിനായി അംഗീകൃത ധനകാര്യസ്ഥാപനത്തിൽനിന്നോ ആദായ നികുതി നിയമത്തിന്റെ 80 ഇയുടെ പരിധിയിൽ വരുന്ന ചാരിറ്റബ്ൾ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശത്തേക്ക് പഠനാവശ്യത്തിന് അയക്കുന്നവർക്കാണ് ഇളവിന്റെ ഗുണം ലഭിക്കുക. നിലവിൽ ഏഴു ലക്ഷം രൂപക്ക് മുകളിൽ അയക്കുന്ന തുകക്ക് അഞ്ച് ശതമാനം ടി.സി.എസ് പിടിക്കുമായിരുന്നു. ഈ പരിധി 10 ലക്ഷം രൂപയായാണ് ധനമന്ത്രി ബജറ്റിൽ വർധിപ്പിച്ചത്. ഈ തീരുമാനം വിദേശപഠനത്തിന് ഒരുങ്ങുന്ന വിദ്യാർഥികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ ഇന്ത്യക്കാർക്ക് കുരുക്ക്
ധനവിനിമയ അച്ചടക്കം ശക്തിപ്പെടുത്താൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ ഫലത്തിൽ കുരുക്കാവുക വിദേശ ഇന്ത്യക്കാർക്ക്. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും യുവ പ്രഫഷനലുകൾക്കും ഈ മാറ്റങ്ങൾ പ്രയാസമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ നിയമങ്ങൾ മാറ്റാനും നികുതി വെട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
മുൻകാലങ്ങളിൽ വിദ്യാർഥികൾക്കും യുവ പ്രഫഷനലുകൾക്കും കർക്കശമായ ചട്ടങ്ങൾ ഇന്ത്യ അടിച്ചേൽപിച്ചിരുന്നില്ല. എന്നാൽ, ആഗോള നിലവാരത്തിനനുസരിച്ച് സുതാര്യത നിഷ്കർഷിച്ചാണ് പുതിയ ബജറ്റിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഈ മാറ്റങ്ങൾ വിദേശ മലയാളികൾക്ക് വരുമാന സംബന്ധമായ വിവരങ്ങൾ നൽകൽ വലിയ ബാധ്യതയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വിദേശ രാജ്യങ്ങളുമായുള്ള നികുതി കരാറുകളിലും നികുതി നിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവന്ന് വിദേശ ഇന്ത്യക്കാർ വിദേശത്ത് നേടുന്ന വരുമാനത്തിൽ കർശന നിരീക്ഷണം നടപ്പാക്കാൻ ബജറ്റ് നിർദേശിക്കുന്നു. വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായി ഇരട്ട നികുതി ഇല്ലാതാക്കുന്നതിന് കരാർ ഒപ്പിട്ട രാജ്യങ്ങളുമായി വിദേശ ഇന്ത്യക്കാരുടെ വരുമാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കരാർ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വിദേശത്ത് പഠിക്കാൻ പോയി അവിടെ ജോലി നേടുന്ന വിദ്യാർഥികൾ അവരുടെ വിദേശ വരുമാനം സംബന്ധിച്ച വിവരങ്ങൾ അവർക്ക് ഇന്ത്യയിൽ വരുമാനം ഇല്ലെങ്കിൽകൂടി ഇന്ത്യയിലെ നികുതി വിഭാഗത്തിന് ലഭ്യമാക്കേണ്ടിവരും.
ഒരു സാമ്പത്തിക വർഷം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയാലേ മുമ്പ് ഉയർന്ന വരുമാനമുള്ള വിദേശ ഇന്ത്യക്കാരുടെ ഇന്ത്യയിൽനിന്നുള്ള വരുമാനത്തിന് നികുതി ചുമത്തിയിരുന്നുള്ളൂ. 2020ലെ ബജറ്റിൽ ഇത് 120 ദിവസമായി കുറച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്ന സൂചനയാണ് പുതിയ ബജറ്റിൽ നൽകുന്നത്.
യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാർ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം നിരവധി ഇന്ത്യൻ വിദ്യാർഥികളും പ്രഫഷനലുകളും പ്രവർത്തിക്കുന്നുമുണ്ട്. ഈ രാജ്യങ്ങളുമായുള്ള കരാറുകളിലെ പഴുതുകൾ ഇല്ലാതാക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.
ഈ നീക്കത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് അയച്ച പണം ഇന്ത്യയിൽ സൂക്ഷിക്കുന്നതിനുള്ള നികുതി വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് പുതിയ മാറ്റങ്ങൾ നൽകുന്നതെന്ന് നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇരട്ടനികുതി ഒഴിവാക്കൽ നിയമ പ്രകാരം നികുതി കിഴിവിന് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടിവരാനും സാധ്യത ഏറെയാണ്.
നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
വിദേശത്തെ വരുമാനം, നിക്ഷേപം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സംബന്ധിച്ച് വിദേശ ഇന്ത്യക്കാർ കൂടുതൽ വിവരങ്ങൾ ഇനിമുതൽ ലഭ്യമാക്കേണ്ടിവരും. വീഴ്ച വന്നാൽ നികുതി വെട്ടിപ്പ് നിയമങ്ങൾ പ്രകാരം പിഴയും നിയമനടപടികളും വരെ ഉണ്ടാകാം.
വീടുകളിലെ ചെലവിനും നിക്ഷേപങ്ങൾക്കോ സാമ്പാദ്യത്തിനായോ ഇന്ത്യയിലേക്ക് പണം അയക്കുന്ന വിദ്യാർഥികളും പ്രഫഷനലുകളും കർശന നികുതി പരിശോധന നേരിടേണ്ടിവന്നേക്കാം.
വിദേശത്തുള്ള സമ്പാദ്യം, ഓഹരികൾ, വസ്തുവിലെ നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമല്ലെങ്കിൽ വിദേശ വാസത്തിന് ശേഷം ഇവ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ കനത്ത നികുതി നൽകേണ്ടിവന്നേക്കാം. കള്ളപ്പണം തടയൽ നിയമത്തിന് കീഴിലുള്ള വിദേശ ആസ്തി വെളിപ്പെടുത്തൽ നിയമം അനുസരിച്ചും നടപടി ഉണ്ടാകാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.