യു.എ.ഇയിൽ രൂപയിൽ ഇടപാട് നടത്താൻ ‘ജയ്‍വാൻ’
text_fieldsഏതുരാജ്യത്തും സ്വന്തം കറൻസിയിൽ പണമിടപാട് നടത്താൻ കഴിയുക എന്നത് വ്യാപാരികൾക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമായ കാര്യമാണ്. എന്നാൽ, ഇത് സാധ്യമാക്കുന്നതിന് സർക്കാറുകളുടെ അനുമതിയോടൊപ്പം ഇരു രാജ്യങ്ങളിലെയും ബാങ്കുകളുടെ പിന്തുണയും ആവശ്യമാണ്. അങ്ങനെ സ്വന്തം കറൻസികളിൽ പണമിടപാട് നടത്താനായി ഇന്ത്യയും യു.എ.ഇയും ചേർന്ന് അവതരിപ്പിച്ച പേയ്മെന്റ് ഗേറ്റ്വേ സംവിധാനമാണ് ‘ജയ്‍വാൻ’.
ഇന്ത്യയിലെ റൂപേ കാർഡിന്‍റെ യു.എ.ഇ പതിപ്പാണ് ‘ജയ്‍വാൻ’ കാർഡുകൾ. ‘ജയ്‍വാൻ’ കാർഡ് ഉപയോഗിച്ച് യു.എ.ഇയിലും ഇന്ത്യയിലും സ്വന്തം കറൻസികളിൽ ഇടപാട് നടത്താം. യു.എ.ഇയിൽ താമസ വിസയുള്ള ആർക്കും ‘ജയ്‍വാൻ’ കാർഡ് സ്വന്തമാക്കാനാവും. ഇന്ത്യയിലെ റൂപേ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചാണ് ‘ജയ്‍വാൻ’ കാർഡിന്‍റെ ഇടപാടുകൾ സാധ്യമാക്കുന്നത്.
ഇതുവഴി യഥാർഥ വിനിമയ നിരക്ക് പണത്തിന് ലഭിക്കുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ മെച്ചം. ഉദാഹരണത്തിന് ഒരു ദിർഹമിന് വിനിമയ നിരക്ക് 22.55 രൂപയാണെങ്കിൽ നിലവിൽ ബാങ്കുവഴി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 21.55 രൂപയായിരിക്കും ലഭിക്കുക. എന്നാൽ, റൂപേ കാർഡ് ഉപയോഗിക്കുമ്പോൾ ദിർഹമിന് യഥാർഥ മൂല്യമായ 22.55 രൂപ തന്നെ ലഭിക്കും. പ്രാദേശിക കറൻസികളിലായിരിക്കും പണത്തിന്‍റെ സെറ്റിൽമെന്‍റ് നടക്കുകയെന്നർഥം.
നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർ വിദേശ രാജ്യങ്ങളിൽ ഇടപാട് നടത്താനായി വിസ, മാസ്റ്റർ കാർഡ്, അമെക്സ് എന്നിവയെയാണ് ആശ്രയിക്കുന്നത്. ഇതിന് പകരമായാണ് യു.പി.ഐ പ്ലാറ്റ്ഫോമിൽ പണമിടപാട് സാധ്യമാകുന്ന റൂപേ കാർഡുകൾ ഇന്ത്യ അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യയിൽ റൂപേ കാർഡ് ഉപഭോക്താക്കളുടെ എണ്ണം ഏതാണ്ട് 750 ദശലക്ഷമാണ്. അതേസമയം, പുതിയ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇടപാട് മാത്രമേ നിലവിൽ സാധ്യമാകൂവെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധർ നൽകുന്ന സൂചന. കാർഡുകൾ ഉപയോഗിച്ച് കറൻസികൾ പിൻവലിക്കാൻ നിലവിൽ സാധ്യമല്ല. ഭാവിയിൽ ഇതിനായുള്ള സംവിധാനങ്ങളും എ.ടി.എമ്മുകളിൽ സജ്ജീകരിച്ചേക്കും.
പ്രാദേശിക കറൻസിയിൽ ഇടപാട് നടത്തുന്നതിന് ഇന്ത്യയും യു.എ.ഇയും നേരത്തെ കരാറിലെത്തിയിരുന്നെങ്കിലും യു.പി.ഐ കാർഡ് പെയ്മെന്റ് സംവിധാനം പ്രാബല്യത്തിൽ വരുന്നത് ഇപ്പോഴാണ്. യു.എ.ഇ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്നാണ് ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച നിർവഹിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ഇടപാടുകൾ കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ ‘ആനി’ പെയ്മെന്റ് സംവിധാനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.