റിബേറ്റ് കുടിശ്ശിക 55 കോടി; ഖാദി സ്ഥാപനങ്ങള്‍ക്ക് പട്ടിണി ഓണം
text_fieldsകോഴിക്കോട്: കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും റിബേറ്റ്- വേതന കുടിശ്ശിക കിട്ടാതെ ഓണത്തിന് പട്ടിണികിടക്കേണ്ട അവസ്ഥയിലാണ് ഖാദി സ്ഥാപനങ്ങളും തൊഴിലാളികളും. റിബേറ്റ് ഇനത്തില്‍ 55 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഖാദി സ്ഥാപനങ്ങള്‍ക്കു നൽകാനുള്ളത്. വിദഗ്ധ തൊഴിലാളിക്ക് 150 രൂപയാണ് ദിവസവേതനമായി ലഭിക്കുന്നത്. ഇതുപോലും 15 മാസമായി ലഭിച്ചിട്ടില്ല. ഇതോടെ നിത്യവൃത്തിക്ക് മറ്റ് തൊഴിലുകൾ തേടിപ്പോവുകയാണ് തൊഴിലാളികൾ. 2018ലെ പ്രളയത്തിന് ശേഷമാണ് റിബേറ്റ് കുടിശ്ശികയായത്. തുടർവര്‍ഷങ്ങളില്‍ കൃത്യമായി പണം ലഭിക്കാതായതോടെ കുടിശ്ശിക 55 കോടി കടന്നു.
കോഴിക്കോട് സർവോദയ സംഘത്തിന് മാത്രം ആറ് കോടി രൂപയാണ് ലഭിക്കാനുള്ളത്. ഫണ്ടില്ലാത്തതിനാല്‍ പല സഹകരണ സംഘങ്ങളും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യസമയത്ത് റിബേറ്റ് ലഭിക്കാത്തത് സ്ഥാപനങ്ങള്‍ക്ക് വൻ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഖാദി ഓണം മേളക്ക് നിറംമങ്ങാനും ഇതിടയാക്കും. ഖാദി മേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഓണം, വിഷു സീസണുകളിലാണ്. എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷമായി പ്രളയവും കോവിഡും വലിയ നഷ്ടമാണ് മേഖലക്ക് ഉണ്ടാക്കിയത്. മുമ്പ് കേരളത്തിനു പുറത്തുനിന്നുവാങ്ങുന്ന ഉല്പന്നങ്ങള്ക്കും റിബേറ്റ് കൊടുത്തിരുന്നു. ഇത് നിര്‍ത്തലാക്കിയിരിക്കുകയാണ്. നിലവില്‍ കേരളത്തിലെ ഉല്പന്നങ്ങള്ക്ക് മാത്രമാണ് റിബേറ്റ് നല്‍കുന്നത്. നൂലിന്റെയും ചായത്തിന്റെയും വിലവര്‍ധനയും കൈത്തറി സൊസൈറ്റികള്‍ക്ക് ഇരുട്ടടിയായി. ജോലിക്ക് ആളെ കിട്ടാത്തതും ഖാദി സ്ഥാപനങ്ങളുടെ നിലനിൽപിന് ഭീഷണിയാവുകയാണ്. വേതനം തുച്ഛമായതിനാൽ തൊഴിലാളികൾ തൊഴിലുറപ്പു ജോലിക്ക് പോകുന്നതിനാല്‍ നൂൽനൂൽപിന് ആളെ കിട്ടാനില്ലെന്ന് സംഘം ഭാരവാഹികള്‍ പറയുന്നു. മേഖല നിലനിർത്താൻ സർക്കാർ മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ഖാദി സഹകരണ സംഘം ഭാരവാഹികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.