വായ്പ: എല്ലാ വിവരവും ഇടപാടുകാരെ അറിയിക്കണം -റിസർവ് ബാങ്ക്
text_fieldsമലപ്പുറം: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട എല്ലാ വിവരവും കടമെടുക്കുന്നവരെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണമെന്ന് റിസർവ് ബാങ്കിന്റെ കർശന നിർദേശം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകൾക്കായി ഈടാക്കുന്ന വിവിധ ഫീസുകളും ചാർജുകളും ഉൾപ്പെടെയുള്ള ചെലവുകൾ ഇടപാടുകാരെ കൃത്യമായി അറിയിക്കണമെന്നും ഉത്തരവിൽ അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങൾ വായ്പ പാസാക്കുന്നതിനു മുമ്പ് അതിന്റെ ചെലവുകൾ കൃത്യമായി കാണിക്കുന്ന ‘കീ ഫാക്ട് സ്റ്റേറ്റ്മെന്റ്’ (കെ.എഫ്.എസ്) കടമെടുക്കുന്നവർക്ക് കൈമാറണം. എഗ്രിമെന്റ് ഒപ്പുവെക്കും മുമ്പുതന്നെ കീ ഫാക്ട് സ്റ്റേറ്റ്മെന്റ് ഇടപാടുകാരെ ബോധ്യപ്പെടുത്തണം. പലിശയും വിവിധ ഫീസുകളും ഇൻഷുറൻസ്, ലീഗൽ ചാർജുകളും ഉൾപ്പെടെ എത്ര രൂപ തിരിച്ചടവ് വരുമെന്ന് കൃത്യമായി മനസ്സിലാക്കാൻ വായ്പയെടുക്കുന്നവരെ സഹായിക്കുന്നതാണ് ഈ രേഖ. കടമെടുക്കുന്നവർ ഇത് അംഗീകരിച്ചാൽ മാത്രമേ വായ്പ പാസാക്കി നൽകാവൂ.
വായ്പയുടെ എല്ലാ ചെലവുകളും ഉൾപ്പെടുന്ന കീ ഫാക്ട് സ്റ്റേറ്റ്മെന്റ് തയാറാക്കേണ്ടത് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിലാകണം. വായ്പകാലയളവിൽ കെ.എഫ്.എസിൽ ഉൾപ്പെടാത്ത ഫീസോ ചാർജോ ഈടാക്കണമെങ്കിൽ ഉപഭോക്താവിന്റെ അനുമതി വാങ്ങണം. പിന്നീട് ബാങ്കുകൾക്ക് ഏകപക്ഷീയമായി ഇതിൽ മാറ്റം വരുത്താനാകില്ലെന്നും ആർ.ബി.ഐ പറയുന്നു. വായ്പ നടപടിക്രമങ്ങൾ ബാങ്കുകളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം. റിസർവ് ബാങ്കിെന്റ നിയന്ത്രണത്തിന് കീഴിൽ വരുന്ന ബാങ്കുകളും ഇതര ധനകാര്യസ്ഥാപനങ്ങൾക്കും ഒക്ടോബർ ഒന്നുമുതൽ പുതിയ ഉത്തരവ് ബാധകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.