ജോലി രാജിവെച്ച് സമൂസ കച്ചവടം; ഇന്ന് പ്രതിദിനം 12 ലക്ഷം വിറ്റുവരവുള്ള സംരംഭം
text_fields2015ലാണ് ബംഗളൂരു ദമ്പതികളായ നിധി സിങ്ങും ശിഖാർ സിങും 30 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്. 'സമൂസ സിങ്' എന്ന പേരിൽ സമൂസ വിൽക്കുന്ന സംരംഭം തുടങ്ങുന്നതിന് വേണ്ടിയായിരുന്നു അവർ ജോലി രാജിവെച്ചത്. ഒരു വർഷത്തിന് ശേഷം കൂടുതൽ നിക്ഷേപം സ്ഥാപനത്തിന് ആവശ്യമായി വരുമെന്ന് അറിഞ്ഞതോടെ താമസിക്കുന്ന ഫ്ലാറ്റും ഇരുവരും വിറ്റു.
ഇന്ന് 12 ലക്ഷം രൂപ പ്രതിദിന വിറ്റുവരവുള്ള സംരംഭമാണ് ഇവരുടെ സമൂസ കച്ചവടം. 40ഓളം ഔട്ട്ലെറ്റകളാണ് ഇന്ത്യയിലുടനീളം ഇരുവർക്കുമുള്ളത്. ഇരുവരുടേയും ഔട്ട്ലെറ്റുകളിലൂടെ വിൽക്കുന്ന ചിക്കൻ സമൂസയും പനീർ സമൂസയും പ്രശസ്തമാണ്.
ഇന്ത്യൻ പലഹാരങ്ങൾ വിൽക്കുന്ന കടകൾക്ക് പലപ്പോഴും വൃത്തിയുണ്ടാകാറില്ല. ഇത് മുതലാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ശിഖാർ സിങ് പറഞ്ഞു. ഇന്റർനാഷണൽ കമ്പനികളുടെ ഫാസ്റ്റ്ഫുഡ് ശൃഖലകളിൽ സമൂസ പോലുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ വിൽക്കാറുമില്ല. പിസയും ബർഗറുമെല്ലാമാണ് ഇത്തരം കടകളിൽ ലഭിക്കുക. അതും തങ്ങൾക്ക് ഗുണകരമായെന്നാണ് ഇരുവരുടേയും പക്ഷം.
ആളുകൾക്ക് നല്ല സമൂസ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യകാലത്ത് തരക്കേടില്ലാത്ത വിൽപന കടയിൽ നിന്നും ലഭിച്ചു. ആ സമയത്താണ് ഒരു ജർമ്മൻ കമ്പനി 8000 സമൂസകളുടെ ഓർഡർ നൽകിയത് ഇതോടെ കൂടുതൽ നിക്ഷേപം സ്ഥാപനത്തിനായി വേണ്ടി വന്നു. അതിനായി ബംഗളൂരു നഗരത്തിലെ നാല് ബെഡ് റൂം അപ്പാർട്ട്മെന്റ് 80 ലക്ഷം രൂപക്ക് വിറ്റു. തങ്ങൾക്ക് ബിസിനസിൽ പൂർണമായ ആത്മവിശ്വാസമുണ്ടായിരുന്നെന്ന് അതിനാലാണ് താമസിക്കുന്ന അപ്പാർട്ട്മെന്റ് പോലും വിറ്റതെന്ന് നിധി പറഞ്ഞു.
തുടക്കത്തിൽ 6000 സമൂസകളാണ് വിൽക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ വിൽപന 3.2 ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും ഇരുവരും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.