അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ അംബാനി ഒന്നാമൻ; അദാനി രണ്ടാമത്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ഒന്നാമൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെ- 8450 കോടി ഡോളറാണ് ആസ്തി (6.24 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി രണ്ടാമതും എച്ച്.സി.എൽ സ്ഥാപകൻ ശിവ നാടാർ മൂന്നാമതുമാണ്.
രാജ്യത്ത് കോവിഡിൽ കുടുങ്ങി സാമ്പത്തിക രംഗം തകർന്ന കഴിഞ്ഞ സാമ്പത്തിക വർഷം ശതകോടീശ്വരന്മാരായ അതിസമ്പന്നരുടെ പട്ടിക അതിവേഗമാണ് വളർന്നത്. മുൻവർഷം 102 പേരായിരുന്നത് പുതിയ പട്ടികയിൽ 140 ആയി വർധിച്ചു- ഇവരുെട മൊത്തം ആസ്തി 59,600 കോടി ഡോളറാണ്.
ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനി ഏഷ്യയിലെയും ഒന്നാമനാണ്. എണ്ണ, ഗ്യാസ് സാമ്രാജ്യങ്ങൾക്ക് പുറമെ ടെലികോം, ചില്ലറ വ്യാപാരം തുടങ്ങി ബഹുവിധ മേഖലകളിൽ മുൻനിരയിലാണ് അംബാനി. രണ്ടാമതുള്ള അദാനിയാകട്ടെ, ഒറ്റ വർഷം കൊണ്ട് അധികമായി ആസ്തി വർധനയുണ്ടാക്കിയത് 4200 കോടി ഡോളറും. 2020 മുതൽ അദാനിയുടെ ആസ്തി വർധന അഞ്ചിരട്ടിയാണെന്ന് േഫാർബ്സ് പറയുന്നു. അദാനി എന്‍റർപ്രൈസസ്, അദാനി ഗ്രീൻ എനർജി എന്നിവയുടെ ഓഹരി മൂല്യം കുത്തനെ ഉയർന്നതാണ് ഗുജറാത്ത് വ്യവസായിക്ക് അതിവേഗ വളർച്ച ഉറപ്പാക്കിയത്.
ആതുര സേവന രംഗത്ത് നിക്ഷേപമിറക്കിയ രണ്ടു വമ്പന്മാർ അതിസമ്പന്നരുടെ ആദ്യ 10ൽ ഇടംപിടിച്ചെന്ന സവിശേഷതയുമുണ്ട്. കോവിഡിനുൾപെടെ വാക്സിനുകൾ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സൈറസ് പൂനാവാല, സൺ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്റെ ദിലീപ് ഷാങ്വി എന്നിവരാണ് പട്ടികയിലെത്തിയത്. കോവിഷീൽഡാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിൻ. കഴിഞ്ഞ വർഷം പട്ടികയിൽ 12ാം സ്ഥാനത്തായിരുന്ന ദിലീപ് ഷാങ്വി ഒരു വർഷത്തിനിടെ 9ാം സ്ഥാനത്തേക്കുയർന്നു.
രാധാകൃഷ്ണൻ ദമാനി ഉദയ് കോടക്, ലക്ഷ്മൺ മിത്തൽ, കുമാർ ബിർല, സുനിൽ മിത്തലും കുടുംബവും എന്നിവരാണ് അവശേഷിച്ചവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.