ട്രംപ് കണ്ണുരുട്ടിയാൽ വീഴുക അംബാനിയുടെ സാമ്രാജ്യം; മോദി കൈവിടുമോ വ്യവസായ ഭീമനെ ?
text_fieldsമുംബൈ: ഡോണാൾഡ് ട്രംപും ഇലോൺ മസ്കും ഉയർത്തുന്ന ഭീഷണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴങ്ങിയാൽ ഏറ്റവും കൂടുതൽ പണികിട്ടുക ഇന്ത്യയിലെ വ്യവസായ ഭീമൻ മുകേഷ് അംബാനിക്ക്. ഇന്ത്യ ചുമത്തുന്ന തീരുവക്ക് ബദലായി വൻ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പുറമേ അമേരിക്കൻ വ്യവസായികളുടെ സാന്നിധ്യം ഇന്ത്യയിൽ കുറവാണെന്നും ട്രംപ് പറഞ്ഞിരുന്നു. തീരുവ കുറച്ച് അമേരിക്കൻ ഉൽപന്നങ്ങളുടേയും വ്യവസായങ്ങളുടേയും സാന്നിധ്യം ഇന്ത്യയിൽ വർധിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇത് യാഥാർഥ്യമായാൽ അത് ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാക്കുക മുകേഷ് അംബാനിയുടെ സാമ്രാജ്യത്തിനായിരിക്കും.
വിദേശ കമ്പനികളിൽ നിന്നുള്ള മത്സരത്തിൽ നിന്ന് മുകേഷ് അംബാനിക്ക് വിവിധതലങ്ങളിൽ സംരക്ഷണമുണ്ട്. മുകേഷ് അംബാനിയുടെ ഏറ്റവും വലിയ ബിസിനസുകളിലൊന്നായ ഡിജിറ്റൽ സർവീസിലാണ് ട്രംപിന്റെ വിശ്വസ്തനായ മസ്ക് കണ്ണുവെക്കുന്നത്. അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസിന് 500 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. മസ്കിന്റെ സ്റ്റാർലിങ്ക് കുറഞ്ഞ നിരക്കിൽ എത്തിയാൽ ജിയോക്ക് അത് ഉയർത്തുന്ന ഭീഷണി ചെറുതാവില്ല.
റിലയൻസ് റീടെയിലും പ്രതിസന്ധി നേരിടാൻ പോവുന്ന മറ്റൊരു കമ്പനിയാണ്. നിലവിൽ ആമസോണിനേയും വാൾമാർട്ടിനേയും പോലുള്ള വമ്പൻമാർക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിൽ വ്യാപകമായി ഇവർക്ക് സ്റ്റോറുകളില്ല. നിയമങ്ങളിൽ ഇളവുണ്ടായാൽ ഈ കമ്പനികൾ ഇന്ത്യയിലെ റീടെയിൽ മേഖലയിലേക്ക് കടന്നു കയറും അത് അംബാനിയുടെ സാമ്രാജ്യത്തിൽ തന്നെയാവും വിളളൽ വീഴ്ത്തുക.
ഇതിന് പുറമേ റഷ്യൻ എണ്ണ ഉപയോഗിച്ച് റിലയൻസ് ഉൾപ്പടെയുള്ള ഇന്ത്യയിലെ എണ്ണകമ്പനികളെല്ലാം വൻ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ, ട്രംപ് അധികാരത്തിലെത്തിയതോടെ യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ആശങ്കയുണ്ട്. ഇത് റിലയൻസ് ഉൾപ്പടെയുള്ള എണ്ണ കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.