ഇന്ധനവില കുറക്കാൻ പറ്റുന്നില്ല;ധർമസങ്കടത്തിലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമല
text_fieldsന്യൂഡൽഹി: കുതിച്ചുകയറുന്ന ഇന്ധനവില കുറക്കാൻ പറ്റാത്ത ധർമസങ്കടത്തിലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധന വിലക്കയറ്റം ജനങ്ങൾക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്ന് പറഞ്ഞ അവർ, പക്ഷേ അത് കുറക്കണമെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് വിചാരിച്ചാൽ മാത്രേമ കഴിയൂവെന്നും പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ എക്സൈസ് നികുതി രണ്ടുവട്ടം കുത്തനെ കൂട്ടിയത് ധനമന്ത്രി നിർമലയായിരുന്നു. നിലവിൽ പെട്രോൾ വിലയിൽ ലിറ്ററിന്മേൽ 60 ശതമാനവും ഡീസൽ വിലയിൽ 56 ശതമാനവും നികുതിയാണ്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടക്കുകയും ചെയ്തു.
''ഇന്ധനവില കുറക്കണമെന്ന ആവശ്യത്തിൽ ന്യായമുണ്ട്. എന്നാൽ, വിലകുറക്കാൻ ബുദ്ധിമുട്ടുകളേറെയാണ്. ധർമസങ്കടമെന്ന വാക്ക് എനിക്ക് ഉപയോഗിക്കേണ്ടി വരുന്നു. ഇന്ധനത്തിന്മേൽ ചുമത്തുന്ന നികുതിയിൽനിന്ന് കേന്ദ്രവും സംസ്ഥാനങ്ങളും വരുമാനമുണ്ടാക്കുന്നുണ്ട്. കേന്ദ്രം ഇൗടാക്കുന്ന നികുതിയിൽ 41 ശതമാനവും സംസ്ഥാനങ്ങൾക്കാണ് പോകുന്നത്. കെട്ടുപിണഞ്ഞുകിടക്കുന്ന വിഷയമാണിത്. അതിനാൽ, കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് വിചാരിച്ചാലേ വില കുറക്കാൻ സാധിക്കൂ'' -അവർ പറഞ്ഞു. ഇന്ധനത്തെ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തണമോ എന്നത് ജി.എസ്.ടി കൗൺസിലാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ വില 75ന് താഴേക്കും ഡീസൽ വില 68ന് താഴേക്കും എത്തിക്കാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം എസ്.ബി.ഐ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ കേന്ദ്രം നിശ്ചിത ശതമാനം എക്സൈസ് നികുതി ചുമത്തുേമ്പാൾ സംസ്ഥാനങ്ങൾ വ്യത്യസ്ത നിരക്കിൽ വാറ്റ് ചുമത്തുകയാണ് ചെയ്യുന്നത്. ജി.എസ്.ടിയിൽ രണ്ട് നികുതിയും ഒന്നാകുേമ്പാൾ കൂടുതൽ വാറ്റ് ചുമത്തുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ വിലയെന്ന രീതി ഇല്ലാതാകും.
പെട്രോളിനും ഡീസലിനും ഏകീകൃത വിലയും നിലവിൽ വരും. അടുത്ത ജി.എസ്.ടി കൗൺസിൽ ചേരുന്നതിന് മുമ്പായി ഇന്ധനത്തെ അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കാനുള്ള സാധ്യത മന്ത്രി നിഷേധിച്ചില്ല.
2020 മാർച്ചിനും ഏപ്രിലിനും ഇടയിലാണ് മന്ത്രി നിർമല പെട്രോളിനും ഡീസലിനും കുത്തനെ നികുതി കൂട്ടിയത്. പെട്രോൾ ലിറ്ററിന്മേൽ 13 രൂപ വർധിപ്പിച്ചപ്പോൾ ഡീസലിന് 16 രൂപയും കൂട്ടി. നിലവിൽ പല സംസ്ഥാനങ്ങളിലും പെട്രോൾ വില 91 രൂപ കടന്നതിനും ഡീസൽ വില 81 കടന്നതിനും കാരണം കേന്ദ്രം നേരത്തെ വർധിപ്പിച്ച ഈ നികുതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.