1.25 ലക്ഷം കോടി ചെലവിട്ട് ബി.എസ്.എൻ.എൽ സ്വകാര്യ മേഖലക്ക് കൊടുക്കുമോ? ചിദംബരം; നയം വായിച്ച് നോക്കുവെന്ന് നിർമല
text_fieldsന്യൂഡൽഹി: ബി.എസ്.എൻ.എല്ലിനെ ശക്തിപ്പെടുത്തി എം.ടി.എൻ.എല്ലിൽ ലയിപ്പിക്കാൻ 1,24,000 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ച ശേഷം അത് സ്വകാര്യമേഖലക്ക് കൊടുക്കുമോ എന്ന് വ്യക്തമാക്കാൻ മുൻ കേന്ദ്ര ധനമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് പി. ചിദംബരം ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് കൃത്യമായ ഉത്തരം നൽകാതെ കഴിഞ്ഞ ബജറ്റിൽ മോദി സർക്കാർ വ്യക്തമാക്കിയ നയം വായിച്ചുനോക്കാൻ ചിദംബരത്തോട് ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിലെ ജീവനക്കാരെ വേതനം നൽകാതെ കഷ്ടപ്പെടുത്തിയെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡോലാ സെന്നിന്റെ വിമർശനത്തിന് നൽകിയ മറുപടിയായി ബി.എസ്.എൻ.എല്ലിന് 1,24,000 കോടി രൂപ കേന്ദ്ര സർക്കാർ നൽകിയെന്ന് നിർമല വ്യക്തമാക്കിയിരുന്നു. അതേ തുടർന്നാണ് ഇത്രയും തുക ചെലവഴിച്ച ശേഷം പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കുമോ അതോ അവ സ്വകാര്യമേഖലക്ക് കൈമാറുമോ എന്നായിരുന്നു നിർമലയോടുള്ള ചിദംബരത്തിന്റെ ചോദ്യം.
2021-22ലെ ബജറ്റിൽ ദേശീയ പൊതുമേഖലാ സഥാപനങ്ങളെ കുറിച്ചുള്ള മോദി സർക്കാറിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട് എന്ന് നിർമല മറുപടി നൽകി. ഏതൊക്കെ മേഖലകളിലായിരിക്കും സർക്കാറിന്റെ ചുരുങ്ങിയ സാന്നിധ്യമെന്ന് ആ നയത്തിൽ പറയുന്നുണ്ടെന്നും ചിദംബരം ആ നയമൊന്ന് വായിച്ചുനോക്കിയാൽ മതിയെന്നും നിർമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.