ജനപ്രിയ പ്രഖ്യാപനങ്ങളോ ? ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന്
text_fieldsന്യൂഡൽഹി: അര ഡസനോളം സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നരേന്ദ്ര മോദി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ മധ്യവർഗത്തെ ലക്ഷ്യംവെക്കുന്നതാവും ബജറ്റെന്ന് വിലയിരുത്തലുകളുണ്ട്. തൊഴിൽ വർധിപ്പിക്കാനായി പ്രത്യേക പദ്ധതി ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ആരോഗ്യമേഖലയുടെ വലിയ വികസനവും ബജറ്റ് ലക്ഷ്യംവെക്കും. ധനകമ്മി പ്രതിസന്ധിയായി മുന്നിലുണ്ടെങ്കിലും ചില നികുതി ഇളവുകൾക്ക് ധനമന്ത്രി മുതിർന്നേക്കാം.
ആഡംബര ഉൽപന്നങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്താനുള്ള സാധ്യതയേറെയാണ്. പ്രൈവറ്റ് ജെറ്റ് പോലുള്ളവയുടെ ഇറക്കുമതി തീരുവയും വർധിപ്പിച്ചേക്കാം. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ മുൻവർഷങ്ങളിലെ മാതൃക ഇക്കുറിയും തുടർന്നേക്കും. വൻതോതിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്രസർക്കാർ പണമിറക്കും. രാജ്യത്തിലെ ഉപരിമധ്യവർഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതിയിലെ മാറ്റമാണ്.
ആദായ നികുതിയിൽ 80സിയുടെ പരിധി വീണ്ടും ഉയർത്തുമോയെന്ന് എല്ലാവരും കൗതുകത്തോടെ നോക്കുന്നു. പക്ഷേ, രാജ്യം അഭിമുഖീകരിക്കുന്ന ധനകമ്മി ധനമന്ത്രിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കും എന്നും കരുതുന്നവരേറെയാണ്. വളർച്ചാ നിരക്ക് കുറയുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട സാമ്പത്തിക സർവേയിൽ പറയുന്നത്. ഇത് മറികടക്കാൻ എന്ത് നിർദേശമാണ് ബജറ്റിലുണ്ടാവുകയെന്നും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.