മധ്യവർഗത്തിന് തലോടൽ; തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് നിർമല സീതാരാമന്‍റെ അഞ്ചാം ബജറ്റ്
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മധ്യവർഗത്തേയും അടിസ്ഥാന വിഭാഗങ്ങൾക്കും ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമന്റെ അഞ്ചാം ബജറ്റ്. പുതിയ സ്കീമിൽ ആദായ നികുതിയിൽ മാറ്റം വരുത്തിയതാണ് മധ്യവർഗത്തെ സ്വാധീനിക്കാനുള്ള പ്രധാന പ്രഖ്യാപനം. സ്ലാബുകളുടെ എണ്ണം ആറിൽ നിന്നും അഞ്ചാക്കി ഉയർത്തി. ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിയതും മധ്യവർഗത്തെ സ്വാധീനിക്കും. നേരത്തെ മധ്യവർഗത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയുള്ള പ്രഖ്യാപനങ്ങൾ വേണമെന്ന് ബജറ്റിന് മുമ്പ് തന്നെ ആവശ്യമുയർന്നിരുന്നു.
ഇതിനൊപ്പം അടിസ്ഥാന വിഭാഗങ്ങളേയും ബജറ്റ് പരിഗണിക്കുന്നുണ്ട്. കർഷകർ, വനിതകൾ, മുതിർന്ന പൗരൻമാർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുണ്ട്. കോവിഡുകാലത്തെ പ്രതിസന്ധിയെ മറികടക്കാൻ മൂലധനച്ചെലവ് ഉയർത്തുകയെന്ന തന്ത്രമാണ് നിർമ്മല സീതാരാമൻ സ്വീകരിച്ചിരിക്കുന്നത്. മൂലധനച്ചെലവ് ജി.ഡി.പിയുടെ 3.3 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ മൂധനച്ചെലവ് 10 ലക്ഷം കോടിയായി ഉയരും.
അടിസ്ഥാന സൗകര്യമേഖലയിൽ ഇക്കുറിയും വൻതോതിൽ കേന്ദ്രസർക്കാർ പണംമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റോഡുകളുടെ വികസനം മുതൽ വിമാനത്താവളങ്ങളുടെ നവീകരണം വരെ അടിസ്ഥാന സൗകര്യവികസനമേഖലക്കായുള്ള സർക്കാറിന്റെ പദ്ധതികളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി തുടങ്ങിയ ഭാവിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് കാര്യമായ പ്രഖ്യാപനങ്ങളില്ലെങ്കിലും ഇവയെ പരിഗണിച്ചുവെന്ന് വരുത്തിയിട്ടുണ്ട്. കാർഷിക മേഖലയിൽ വായ്പ പരിധി ഉയർത്തിയതും ജൈവ കൃഷിക്കായുള്ള പ്രഖ്യാപനങ്ങളുമാണ് പ്രധാനം. ഭാവിയുടെ ഊർജാവശ്യങ്ങളെ പരിഗണിച്ച് ഹൈഡ്രജൻ മിഷനാണ് വലിയ തുക ബജറ്റിൽ വകയിരുത്തിയുട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കുൾപ്പടെ നികുതി ഇളവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.