എണ്ണക്കമ്പനികൾക്ക് വൻ ലാഭം; പെട്രോൾ-ഡീസൽ വില കുറച്ചേക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾ അടുത്ത മാസം പെട്രോൾ-ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ മുതൽ 10 രൂപ വരെ കുറവ് എണ്ണവിലയിൽ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എണ്ണക്കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ എണ്ണക്കമ്പനികളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്നാംപാദ ഫലങ്ങൾ കൂടി പുറത്ത് വന്നാൽ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. കുറഞ്ഞ വിലക്ക് എണ്ണ ലഭിച്ചതാണ് കമ്പനികൾക്ക് ഗുണകരമായത്.ഈയൊരു സാഹചര്യത്തിൽ എണ്ണ കമ്പനികൾ വില കുറക്കാൻ ഒരുങ്ങുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
2022 ഏപ്രിലിന് ശേഷം എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 10 രൂപ വരെ പെട്രോളിനും ഡീസലിനും ലിറ്ററിന് കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. വില കുറക്കുന്നത് രാജ്യത്തെ ഉയരുന്ന പണപ്പെരുപ്പം കുറക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് എണ്ണക്കമ്പനികളുടേയും ലാഭം സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ 57,091.87 കോടിയായി ഉയർന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ എണ്ണക്കമ്പനികളുടെ ലാഭം ഒരു ലക്ഷം കോടി കടക്കുമെന്നാണ് പ്രവചനം.
അതേസമയം, ഹിന്ദുസ്ഥാൻ പെട്രോളിയം ജനുവരി 27ാം തീയതി മൂന്നാംപാദ ലാഭഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ട് എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഇതേസമയത്ത് തന്നെ ലാഭഫലം പ്രഖ്യാപിച്ചേക്കും. എന്നാൽ, ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ എണ്ണക്കമ്പനികളോ പെട്രോളിയം മന്ത്രാലയമോ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.