തുടർച്ചയായ രണ്ടാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു
text_fieldsഹൂസ്റ്റൺ: തുടർച്ചയായ രണ്ടാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ബാരലിന് ഒരു ഡോളറിന് താഴെ മാത്രമാണ് വില കുറഞ്ഞിരിക്കുന്നത്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഈജിപ്തിന്റേയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്.
കെയ്റോയിൽ നടക്കുന്ന ചർച്ചകളിൽ യു.എസ് സെൻട്രൽ ഇന്റലിജൻസ് ഡയറക്ടർ വില്യം ബേണും പങ്കെടുക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ല. തങ്ങളുടെ നിലപാടുകളൊന്നും അംഗീകരിക്കാൻ ഇസ്രായേൽ തയാറാവുന്നില്ലെന്ന് ഹമാസ് പറഞ്ഞു.
ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകളിൽ കഴിഞ്ഞ ദിവസം 1.1 ശതമാനം ഇടിവാണ് ഉണ്ടായത്. 89.42 ഡോളറാണ് ബാരലിന് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിൽ വിലയിൽ 1.20 ശതമാനത്തിന്റെ ഇടിവുണ്ടായി. 85.23 ഡോളറായി വില താഴ്ന്നു.
അഞ്ച് സെഷനുകൾക്കിടെ തിങ്കളാഴ്ചയാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ആദ്യമായി ഇടിഞ്ഞത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വില കഴിഞ്ഞ ഏഴ് സെഷനുകളിലും കുറഞ്ഞിരുന്നില്ല. ഗസ്സ പ്രശ്നം തീർക്കാൻ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയുന്നതിന് ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.