യു.എസിന്റെ സിറിയ വ്യോമാക്രമണത്തിന് പിന്നാലെ എണ്ണവില ഉയർന്നു
text_fieldsവാഷിങ്ടൺ: യു.എസിന്റെ സിറിയ വ്യോമാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഒരു ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 1.16 ഡോളർ വർധിച്ച് 89.09 ഡോളറിലേക്ക് എത്തി. ഇസ്രായേൽ-ഹമാസ് സംഘർഷം പശ്ചിമേഷ്യയെ ആകെ സ്വാധീനിക്കുമെന്ന വിലയിരുത്തലാണ് എണ്ണവില ഉയരുന്നതിനിടയാക്കുന്നത്.
ഇസ്രായേൽ-ഹമാസ് സംഘർഷവുമായി സിറിയ വ്യോമാക്രമണത്തെ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് യു.എസ് നിലപാട്. ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് ഉപയോഗിച്ചിരുന്ന രണ്ട് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് ഭാഷ്യം. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം ഇറാൻ, ലെബനാൻ എന്നിവടങ്ങളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയാണ് എണ്ണവിപണിയിൽ സ്വാധീനിക്കുന്നത്.
അതേസമയം, കിഴക്കൻ സിറിയയിൽ വ്യോമാക്രണം നടത്തിയെന്ന് യു.എസ് അറിയിച്ചിരുന്നു. ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പെന്റഗൺ അറിയിച്ചു. ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകിയതാണെന്നും പെന്റഗൺ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ നാലരയോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറിയൻ നഗരമായ അബുകമലിന് സമീപമാണ് ആക്രമണമുണ്ടായത്. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിന്റെ ആയുധപ്പുരകളാണ് യു.എസ് ലക്ഷ്യമിട്ടത്. എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
കൃത്യതയോടെയുളള പ്രതിരോധമാണ് നടത്തിയതെന്നും ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അറിയിച്ചു. ഒക്ടോബർ 17 മുതൽ ഇറാൻ തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെന്നാണ് യു.എസിന്റെ ആരോപണം.
ഇറാന്റെ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യു.എസ് അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.