എണ്ണവില 100 ഡോളറിലേക്ക്; രാജ്യത്തിന്‍റെ കപ്പിത്താനായി മൻമോഹനില്ല, കാത്തിരിക്കുന്നത് പ്രതിസന്ധികാലം
text_fieldsവാഷിങ്ടൺ: ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർധനയുണ്ടാകുമെന്ന് പ്രവചനം. റേറ്റിങ് ഏജൻസികളായ ഗോൾഡ്മാൻ സാചസ്, ജെ.പി മോർഗൻ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പ്രവചനം നടത്തിയത്. വരും വർഷങ്ങളിൽ എണ്ണവില വലിയ രീതിയിൽ ഉയരുമെന്നും ഇത് ബാരലിന് 100 ഡോളർ വരെ എത്തിയേക്കുമെന്നാണ് പ്രവചനം. നിലവിൽ 64 ഡോളറിലാണ് ആഗോള വിപണിയിൽ ബ്രെൻറ് ക്രൂഡിന്‍റെ വ്യാപാരം.
2014ന് ശേഷം ഇതുവരെ എണ്ണവില 100 ഡോളർ കടന്നിട്ടില്ല. ഈ റെക്കോർഡ് വൈകാതെ തകർന്നടിയുമെന്നാണ് റേറ്റിങ് ഏജൻസികൾ പ്രവചിക്കുന്നത്. കോവിഡിൽ നിന്ന് കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുന്നത് എണ്ണവിലയേയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ഇക്കഴിഞ്ഞ ഒക്ടോബറിന് ശേഷം രാജ്യാന്തര വിപണിയിൽ എണ്ണവില വലിയ രീതിയിൽ ഉയർന്നിരുന്നു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 63 ഡോളർ വരെ എത്തിയിരുന്നു. കോവിഡ് വാക്സിന്റെ വരവും എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതുമാണ് വിപണിയിൽ വില ഉയരുന്നതിനുള്ള കാരണം.
2003 മുതൽ 2014 വരെ എണ്ണയുടെ സൂപ്പർ സൈക്കിൾ പ്രവചിച്ച ഗോൾമാൻ സാചസ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്രി ക്യൂറിയുടെ അഭിപ്രായത്തിൽ എണ്ണവില ഈ വർഷം 80 ഡോളർ വരെ ഉയർന്നേക്കും. ബൈഡൻ ഭരണകൂടം 1.9 ട്രില്യൺ ഡോളറിന്‍റെ ഉത്തേജക പാക്കേജ് നടപ്പാക്കുന്നത് എണ്ണവിലയേയും സ്വാധീനിക്കും. മിഡിൽ, ലോവർ ക്ലാസ് വരുമാനമുള്ളവരെ ലക്ഷ്യമിട്ടാണ് പാക്കേജ്. ഇത്തരക്കാർ ടെസ്ല ഓടിക്കുന്നവരല്ല. അവർ എസ്.യു.വികളാണ് ഓടിക്കാൻ ഇഷ്ടപ്പെടുന്നത്. അതിനാൽ എണ്ണവില ഉയരുമെന്ന് ക്യൂറി പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് ഇന്ത്യയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിലവിൽ ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില റെക്കോർഡ് നിലവാരത്തിലാണ്. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ എണ്ണവില 100 ഡോളർ തൊട്ടിട്ടില്ല. ആഗോള വിപണിയിൽ കൂടി വില ഉയർന്നാൽ അത് ഗുരുതര പ്രത്യാഘാതങ്ങളാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.