ചെക്ക് മടങ്ങിയാൽ പണം ഈടാക്കാൻ മറ്റു വഴികൾ; പുതിയ നിർദേശങ്ങളുമായി ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: ചെക്ക് മടങ്ങുന്ന കേസുകളിൽ പണം ഈടാക്കാനുള്ള മറ്റ് മാർഗങ്ങൾ ധനമന്ത്രാലയം ആലോചിക്കുന്നു. പണം നൽകേണ്ടയാളുടെ മറ്റ് അക്കൗണ്ടുകളിൽനിന്ന് പണം ഈടാക്കുക, പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയുക തുടങ്ങിയവയടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്.
മന്ത്രാലയം അടുത്തിടെ വിളിച്ച ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ ഉയർന്നിരുന്നു. ചെക്ക് മടങ്ങിയാൽ വായ്പ തടയുക, സിബിൽ സ്കോർ കുറക്കാൻ നിർദേശം നൽകുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നു. നിയമസാധുത പരിശോധിച്ചശേഷമായിരിക്കും ഈ നിർദേശങ്ങൾ അംഗീകരിക്കുക. കോടതി നടപടികളിലേക്ക് പോകുന്നതുവഴി പണം തിരിച്ചുകിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും പണം നൽകേണ്ടതാണെന്ന ബോധം ഇടപാടുകാരിലുണ്ടാക്കാനും ഇത് സഹായകരമാകുമെന്നും അതുവഴി വ്യാപാരരംഗത്തെ അനാവശ്യപ്രവണത ഒഴിവാക്കാൻ സാധിക്കുമെന്നും ധനമന്ത്രാലയം കണക്കുകൂട്ടുന്നു.
രാജ്യത്തുടനീളം തീർപ്പാക്കാതെ കിടക്കുന്ന 35 ലക്ഷത്തോളം ചെക്ക് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കാൻ സുപ്രീംകോടതി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
നടപടിക്രമങ്ങൾ പരിഷ്ക്കരിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാനും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.