ചിദംബരത്തിന്റെ കോർപ്പറേറ്റ് ബജറ്റെന്ന പരാമർശം തനിക്ക് കിട്ടിയ സർട്ടിഫിക്കറ്റെന്ന് നിർമ്മല സീതാരാമൻ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ 2022-23 വർഷത്തെ ബജറ്റിനെ കോർപ്പറേറ്റ് ബജറ്റെന്ന് വിളിച്ച കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന് മറുപടിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. കോൺഗ്രസിൽ നിന്നും തനിക്ക് കിട്ടിയ സർട്ടിഫിക്കറ്റാണ് ചിദംബരത്തിന്റെ പരാമർശമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
1991ൽ സമ്പദ്‍വ്യവസ്ഥ തുറന്നുകൊടുത്തുവെന്ന് അവകാശപ്പെടുന്ന പാർട്ടിയാണ് തന്റെ ബജറ്റ് പ്രസംഗത്തിന് കാപ്പിറ്റലിസ്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം. എട്ട് ശതമാനം ജി.ഡി.പി വളർച്ചയെന്ന അടുത്ത സാമ്പത്തിക വർഷത്തിലെ ലക്ഷ്യം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് സാധ്യമാക്കാൻ കഴിയുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
പതിയെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലെ എല്ലാ സെക്ടറുകളിലും പുരോഗതിയുണ്ടാവുമെന്ന് അവർ പറഞ്ഞു. ഹോസ്പിറ്റാലിറ്റി ഉൾപ്പടെയുള്ള ചില മേഖലകൾക്ക് ഇപ്പോഴും സഹായം ആവശ്യമാണ്. ബജറ്റിൽ അത് നൽകിയിട്ടുണ്ട്. വിവിധ സെക്ടറുകളും പുരോഗതിക്ക് സർക്കാറും ബാങ്കിങ് മേഖലയും പിന്തുണ നൽകും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപന പൂർത്തികരിക്കുകയെന്നത് തനിക്ക് മുന്നിലുള്ള ലക്ഷ്യമാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്കുള്ള സമയം നിശ്ചയിക്കുന്നത് സ്റ്റോക്ക് മാർക്കറ്റല്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
നേരത്തെ കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന വിമർശനം ചിദംബരം ഉൾപ്പടെയുള്ള നേതാക്കൾ ഉയർത്തിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവർക്ക് ഒരുതരത്തിലുള്ള ആശ്വാസം നൽകാത്ത ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നായിരുന്നു പ്രധാന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.