പി.എഫ്, ജി.എസ്.ടി, ബാങ്കിങ്; അടുത്ത മാസം മുതലുള്ള പ്രധാന മാറ്റങ്ങളറിയാം
text_fieldsസാമ്പത്തിക മേഖലയിൽ അടുത്ത മാസം ചില നിർണായ മാറ്റങ്ങൾ നിലവിൽ വരികയാണ്. പി.എഫ്, ജി.എസ്.ടി, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് മാറ്റങ്ങൾ. ഇതിനൊപ്പം തുടക്കത്തിൽ തന്നെ എൽ.പി.ജി വിലയിലും മാറ്റമുണ്ടാകും. സെപ്റ്റംബർ മുതൽ സമ്പദ്വ്യവസ്ഥയിൽ വരുന്ന പ്രധാന മാറ്റങ്ങൾ അറിയാം
ആധാർ-പി.എഫ് ലിങ്കിങ് നിർബന്ധം
സെപ്റ്റംബർ മുതൽ ആധാർ കാർഡും-പി.എഫിലെ യു.എ.എൻ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പി.എഫ് അക്കൗണ്ടിലേക്ക് തൊഴിലുടമക്കോ, തൊഴിലാളിക്കോ പണം നിക്ഷേപിക്കാനാവില്ല. സാമൂഹ്യസുരക്ഷ കോഡിലെ 142ാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രസർക്കാർ പുതിയ മാറ്റം നടപ്പിലാക്കുന്നത്. പുതിയ രീതി സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരും.
എൽ.പി.ജി വില ഉയർന്നേക്കും
ആഗസ്റ്റിൽ എൽ.പി.ജി വില എണ്ണ കമ്പനികൾ ഉയർത്തിയിരുന്നു. സിലിണ്ടറൊന്നിന് 25 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് എൽ.പി.ജി വില ഉയർത്തുന്നത്. സെപ്റ്റംബറിലും ഇതേ രീതി തന്നെ എണ്ണ കമ്പനികൾ പിന്തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ തുടർച്ചയായ മൂന്നാം മാസവും എൽ.പി.ജി വില ഉയരും.
ജി.എസ്.ടിയിലും മാറ്റം
സെപ്റ്റംബർ ഒന്ന് മുതൽ ജി.എസ്.ടിയിലും മാറ്റം വരികയാണ്. ജി.എസ്.ടി.ആർ-1 സമർപ്പിക്കുന്നതിലാണ് നിയന്ത്രണം. ജി.എസ്.ടി.ആർ-3ബി പ്രകാരമുള്ള റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഇനി മുതൽ ജി.എസ്.ടി.ആർ-1 ഫോം നൽകാനാവില്ലെന്നാണ് നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി.ആർ-3ബി ഫോം സമർപ്പിക്കാതെ പാദവാർഷിക റിട്ടേൺ സമർപ്പിക്കാനിരുന്നവർക്കാവും തീരുമാനം തിരിച്ചടിയാവുക.
എസ്.ബി.ഐ പാൻ-ആധാർ കാർഡ് ലിങ്കിങ്
സെപ്റ്റംബർ 30നകം ഉപയോക്താക്കളോട് പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാൻ എസ്.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകൾക്ക് ചില സേവനങ്ങൾ ലഭ്യമാവില്ലെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് സെപ്റ്റംബറിനകം എസ്.ബി.ഐ അക്കൗണ്ട് ഉടമകൾ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം
ചെക്ക് ക്ലിയറിങ്
50,000 രൂപക്ക് മുകളിലുള്ള ചെക്ക് ക്ലിയർ ചെയ്യുന്നതിന് ആർ.ബി.ഐ പുതിയ മാനദണ്ഡം കൊണ്ടു വന്നിരുന്നു. ചെക്ക് നൽകുന്നയാൾ മുൻകൂറായി ബാങ്കിൽ അറിയിച്ചില്ലെങ്കിൽ ഇത്തരം ചെക്കുകൾ ക്ലിയർ ചെയ്യേണ്ടെന്നായിരുന്നു ആർ.ബി.ഐ നിർദേശം. പല ബാങ്കുകളും ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചില ബാങ്കുകൾ ആർ.ബി.ഐ നിർദേശം നടപ്പാക്കിയിട്ടില്ല. ഇത്തരത്തിൽ ആർ.ബി.ഐ നിർദേശം നടപ്പാക്കാത്ത ബാങ്കുകളിലൊന്നായ ആക്സിസ് അടുത്ത മാസം മുതൽ പുതിയ സംവിധാനത്തിലേക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.