ജനപ്രിയമോ ബജറ്റ് ? ഊന്നൽ ക്ഷേമ പദ്ധതികൾക്ക്
text_fieldsസർക്കാറുകളുടെ അവസാന ബജറ്റുകെളല്ലാം സാധാരണയായി ജനപ്രിയമാകാറാണ് പതിവ്. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റും ഇതിൽ നിന്ന് വിഭിന്നമല്ല. ജനങ്ങളെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് തോമസ് ഐസക്കിന്‍റെ ബജറ്റ്. കോവിഡ് മൂലം സംസ്ഥാനം നേരിടുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കാനുള്ള നിർദേശങ്ങളും, ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലക്കും തൊഴിൽ വിപണിക്കും ഊന്നൽ നൽകാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. സംസ്ഥാനത്തെ ഒരു ജ്ഞാന സമ്പദ്വ്യവസ്ഥയാക്കി പരിവർത്തനം ചെയ്യുകയാണ് ബജറ്റിന്‍റെ ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ പക്ഷം.
ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ല
മുൻ ബജറ്റുകളിൽ തുടർന്ന് വന്നിരുന്ന ക്ഷേമ പദ്ധതികൾക്കുള്ള ഊന്നൽ ഈ വർഷവും ഐസക് തുടരുന്നുണ്ട്. ക്ഷേമ പെൻഷനുകളെല്ലാം 1600 രൂപയാക്കി ഉയർത്തി. ലൈഫ് പദ്ധതി വഴി ഒരു ലക്ഷം പേർക്കാകും അടുത്ത വർഷം വീട് അനുവദിക്കുക. റേഷൻ കടകൾ വഴി വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ അധിക അരി വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ആശ വർക്കർമാർ, കുടുംബശ്രീ സി.ഡി.എസ് അഗങ്ങൾ, അംഗൻവാടി ജീവനക്കാർ, സ്കൂളുകളിലെ പാചകതൊഴിലാളികൾ എന്നിവരുടേയെല്ലാം വേതനം വർധിപ്പിച്ചിട്ടുണ്ട്. പ്രവാസികൾക്കായുള്ള പ്രത്യേക പദ്ധതിയും ബജറ്റിൽ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പദ്ധതി കേവല ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയും ഉത്സവബത്തയും ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും വലിയ രീതിയിൽ ജനങ്ങളെ സ്വാധീനിക്കാൻ പോന്നവയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യം
കേരളത്തെ ഒരു ജ്ഞാന സമ്പദ്വ്യവസ്ഥയാക്കി പരിവർത്തനം ചെയ്യിക്കുകയാണ് ഇടതു സർക്കാറിന്‍റെ പ്രധാനലക്ഷ്യം. ഇതിന് പ്രാഥമികമായി മാറ്റം വരുത്തേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. 30ഓളം മികവിന്‍റെ കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങുമെന്ന് സർക്കാർ ബജറ്റിൽ വ്യക്തമാക്കുന്നു. പശ്ചാത്തല സൗകര്യ വികസനം, ഡിജിറ്റൽ ക്ലാസ് റൂമുകൾ, പുതിയ കോഴ്സുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വലിയ രീതിയിൽ ഫണ്ട് ഒഴുക്കാനും സർക്കാർ മടിക്കുന്നില്ല.
തൊഴിൽ പ്രതിസന്ധി മറികടക്കാൻ പ്രത്യേക പദ്ധതി
കേരളത്തിൽ ഉടലെടുത്തിട്ടുള്ള വലിയ തൊഴിൽ പ്രതിസന്ധി മറികടക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇടതു സർക്കാർ ഏറ്റെടുക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കാവും തൊഴിൽ നൽകുക. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകും തൊഴിലുകൾ ലഭ്യമാക്കുക. അടുത്ത സാമ്പത്തിക വർഷം എട്ട് ലക്ഷം പേർക്ക് തൊഴിൽ നൽകും. ഇതിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ടാകും. വർക്ക് ഫ്രം ഹോം ഉൾപ്പടെ കോവിഡിനെ തുടർന്നുണ്ടായ പ്രത്യേക തൊഴിൽ സംസ്കാരം നേട്ടമാക്കി മാറ്റുമെന്നും ബജറ്റ് പറയുന്നു. നൈപുണ്യ വികസനത്തിന് ഉൾപ്പടെ പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
പണമെവിടെ ?
വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുേമ്പാഴും ഇതിനൊക്കെയുള്ള പണമെവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനത്തിന്‍റെ കടം മുെമ്പങ്ങുമില്ലാത്ത വിധം വർധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പുതിയ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകണമെങ്കിൽ അധിക ധനസമാഹരണം നടത്തണം. അതിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് മൗനം പാലിക്കുകയാണ് ചെയ്തത്. മുമ്പ് പ്രഖ്യാപിച്ച കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾ പോലെ ഈ വർഷം ധനമന്ത്രി പ്രഖ്യാപിച്ച പല പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
സംസ്ഥാനം നേരിടുന്ന ചില പ്രതിസന്ധികൾക്കെങ്കിലും പരിഹാരം കാണാനുള്ള നിർദേശങ്ങൾ ഈ വർഷത്തെ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഭാവിയെ മുൻകൂട്ടി കണ്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേരളത്തിന് ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കാൻ സാധിക്കുമോയെന്ന ആശങ്കയാണ് നില നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.