ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശനിരക്ക് കുറക്കുമെന്ന് പ്രവചനം
text_fieldsവാഷിങ്ടൺ: യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശനിരക്ക് കുറക്കുമെന്ന് പ്രവചനം. ഫെഡറൽ റിസർവ് ബാങ്ക് ഓഫ് സെന്റ് ലൂയിസ് മുൻ പ്രസിഡന്റ് ജെയിംസ് ബുള്ളാർഡാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് തവണ യു.എസ് വായ്പ പലിശ നിരക്കുകൾ കുറക്കുമെന്നാണ് അദ്ദേഹം പറയുന്നത്. യു.എസിലെ പണപ്പെരുപ്പം കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് ഈ വർഷം എത്തുമെന്നും ഇതുമൂലം പലിശനിരക്കുകൾ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് സമ്പദ്‍വ്യവസ്ഥയിലെ മറ്റ് നിരവധി ഘടകങ്ങളും പലിശനിരക്ക് കുറക്കുന്നതിലേക്ക് നയിക്കും. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യു.എസ് മികച്ച രീതിയിലാണ് മുന്നേറുന്നത്. ശക്തമായ സമ്പദ്‍വ്യവസ്ഥയും മികച്ച സാമ്പത്തിക നയവുമാണ് യു.എസിന് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ കണക്കുകളെല്ലാം പലിശനിരക്ക് കുറക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്നും ജെയിംസ് ബുള്ളാർഡ് പറഞ്ഞു. നേരത്തെ യു.എസിൽ പണപ്പെരുപ്പം വലിയ രീതിയിൽ ഉയർന്നപ്പോൾ വായ്പ പലിശനിരക്കുകൾ ഉയർത്തുന്നതിനെ ശക്തമായി അനുകൂലിച്ച വ്യക്തികളിൽ ഒരാളായിരുന്നു ബുള്ളാർഡ്.
അതേസമയം, ഈ വർഷം പലിശനിരക്കുകളിൽ 60 ബേസിക് പോയിന്റിന്റെയെങ്കിലും കുറവുണ്ടാവുമെന്ന പ്രവചനങ്ങളും പുറത്ത് വരുന്നുണ്ട്. പലിശനിരക്കുകളിൽ 150 ബേസിക് പോയിന്റ് വരെ കുറയുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നുവെങ്കിലും അത്രത്തോളം കുറവ് ഈ വർഷമുണ്ടാവില്ലെന്നാണ് അനുമാനം.
പലിശനിരക്ക് കുറക്കുന്നതിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കൂടുതൽ ചർച്ചകൾ വേണമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, മാർച്ചിലെ യോഗത്തിൽ പലിശനിരക്ക് കുറക്കാൻ ഫെഡറൽ റിസർവ് അംഗങ്ങൾ തത്വത്തിൽ ധാരണയിലെത്തിയെന്ന വാർത്തകളും പുറത്ത് വന്നിരുന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.