9,330 കോടിയുടെ 2000 നോട്ടുകൾ കാണാമറയത്ത് -റിസർവ് ബാങ്ക്
text_fieldsമുംബൈ: കഴിഞ്ഞ വർഷം നിരോധിച്ച ശേഷം 2000ത്തിന്റെ നോട്ടുകളിൽ 97.38 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. എന്നാൽ, 9,330 കോടിയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. 3.56 ലക്ഷം കോടിയുടെ നോട്ടുകളാണ് മേയ് 19 വരെ വിനിമയത്തിലുണ്ടായിരുന്നത്. നിലവിൽ 2000ന്റെ നോട്ടുകൾ റിസർവ് ബാങ്ക് ഓഫിസുകളിൽ സമർപ്പിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം. മുംബൈ, കൊൽക്കത്ത, ഡൽഹി ഉൾപ്പെടെ 19 പ്രമുഖ നഗരങ്ങളിലെ ഓഫിസുകളിലാണ് സമർപ്പിക്കേണ്ടത്. കേരളത്തിൽ തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫിസിലും നോട്ട് മാറ്റി വാങ്ങാം. ഏത് പോസ്റ്റ് ഓഫിസ് വഴിയും റിസർവ് ബാങ്കിന്റെ ഓഫിസിലേക്ക് നോട്ട് അയക്കുകയും ചെയ്യാം. ഇങ്ങനെ അയക്കുന്നവരുടെ പണം ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും.
1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷം 2016ലാണ് റിസർവ് ബാങ്ക് 2000ന്റെ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തത്. സെപ്റ്റംബർ 30നകം 2000ന്റെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കണമെന്നും അല്ലെങ്കിൽ മാറ്റി വാങ്ങണമെന്നുമാണ് ആദ്യം റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. സമയ പരിധി ഒക്ടോബർ ഏഴുവരെ നീട്ടിയിരുന്നു. ഇനി ബാങ്കുകളുടെ ബ്രാഞ്ചുകളിൽ 2000 നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.