വായ്പ തിരിച്ചടക്കാതിരുന്നാൽ ഇനി ഗുണ്ടകളെത്തില്ല; കർശന നടപടികളുമായി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: വായ്പ തിരിച്ചു പിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടികളുമായി ആർ.ബി.ഐ. വായ്പകൾ തിരിച്ചു പിടിക്കുന്ന ഏജന്റുമാരെ നിയന്ത്രിക്കുകയാണ് ആർ.ബി.ഐ ലക്ഷ്യം. ഡെലിവറി ഏജന്റുമാർക്കെതിരായ പരാതികൾ വ്യാപകമാകുന്നതിനിടെയാണ് നീക്കം.
വായ്പ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ഏജൻറുമാർ ആളുകളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആർ.ബി.ഐ നിർദേശം. വാക്കുകൾ കൊണ്ടോ ശാരീരികമായോ വായ്പയെടുത്തവർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാവരുതെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
ബാങ്കുകളും ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങളും ഏജന്റുമാരെ ജോലിക്കുവെക്കുമ്പോൾ വായ്പയെടുത്തവരെ പൊതുഇടങ്ങളിലും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മുന്നിൽ അപമാനിക്കാൻ പാടില്ലെന്ന കർശന നിർദേശം നൽകണം. മൊബൈൽ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ അനാവശ്യ മെസേജുകൾ അയക്കുന്നതും ഇത്തരക്കാർ ഒഴിവാക്കണം.
രാവിലെ എട്ട് മണിക്ക് മുമ്പും രാത്രി ഏഴ് മണിക്ക് ശേഷവും വായ്പയെടുത്തവരെ തിരിച്ചടവ് ഓർമിപ്പിക്കാൻ വിളിക്കരുത്. ഈ ചട്ടങ്ങളുടെ ലംഘനമുണ്ടായാൽ അത് ഗുരുതര കുറ്റകൃത്യമായി കണ്ട് കർശന നടപടിയുണ്ടാകുമെന്നും ആർ.ബി.ഐ ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.