എൽ&ടിക്ക് 2.5 കോടി രൂപ പിഴയിട്ട് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: എൽ&ടി ഫിനാൻസിന് 2.5 കോടി രൂപ പിഴയിട്ട് ആർ.ബി.ഐ. കേന്ദ്ര ബാങ്കിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് പിഴശിക്ഷ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ചട്ടങ്ങൾ പാലിക്കുന്നതിൽ എൽ&ടി വീഴ്ച വരുത്തിയെന്ന് കേന്ദ്രബാങ്ക് പറയുന്നു. റിസർവ് ബാങ്ക് ആക്ട് 1934ലെ വിവിധ സെക്ഷനുകൾ ഉപയോഗിച്ചാണ് പിഴ.
നിയമങ്ങൾ പാലിക്കാത്തതിലുള്ള പിഴ ശിക്ഷ മാത്രമാണിത്. കമ്പനിയുടെ എതെങ്കിലും ഇടപാടുകളേയോ അവരുടെ ഉപഭോക്താക്കളുമായുള്ള ബന്ധത്തേയോ പിഴ ശിക്ഷ ബാധിക്കില്ലെന്നും ആർ.ബി.ഐ വിശദീകരിച്ചിട്ടുണ്ട്. എൽ& ടി ഫിനാൻസിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് പിഴ ചുമത്താനുള്ള ആർ.ബി.ഐ തീരുമാനം പുറത്ത് വന്നത്.
ഉപഭോക്താക്കളെ ചില കാര്യങ്ങൾ അറിയിക്കുന്നതിൽ എൽ&ടി വീഴ്ച വരുത്തിയെന്ന് ആർ.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. നഷ്ട സാധ്യതയെ കുറിച്ചുള്ള വിവരങ്ങൾ, വിവിധ വായ്പകൾക്ക് ചുമത്തുന്ന വ്യത്യസ്ത പലിശ, വായ്പ അപേക്ഷ ഫോമിന്റെ വിവരങ്ങൾ, വായ്പ അനുമതിപത്രങ്ങൾ എന്നിവയെല്ലാം ഉപഭോക്താക്കളുമായി പങ്കുവെക്കുന്നതിൽ എൽ&ടി ഫിനാൻസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പലിശനിരക്കിലെ മാറ്റം ഉപഭോക്താക്കളെ അറിയിക്കുന്നതിലും ബാങ്ക് വീഴ്ച വരുത്തി. വായ്പകളുടെ വ്യവസ്ഥകൾ മാറ്റിയപ്പോഴും അക്കാര്യം ഉപഭോക്താക്കളെ അറിയിച്ചില്ല. പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഐ സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് കമ്പനി മറുപടിയും നൽകിയിരുന്നു. തുടർന്ന് കമ്പനി പ്രതിനിധികൾക്ക് വിശദീകരണത്തിനുള്ള അവസരവും നൽകിയിരുന്നു. ഇവരുടെ വിശദീകരണം കൂടി പരിഗണിച്ചാണ് ഒടുവിൽ പിഴ ചുമത്താനുള്ള തീരുമാനത്തിലേക്ക് ആർ.ബി.ഐ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.