പിൻ ഉപയോഗിക്കാതെ യു.പി.ഐ വഴി 500 രൂപ വരെ നൽകാം; യു.പി.ഐ ലൈറ്റിലെ മാറ്റങ്ങളറിയാം
text_fieldsന്യൂഡൽഹി: യു.പി.ഐ ലൈറ്റിലെ സേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർ.ബി.ഐ. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് മാറ്റം പ്രഖ്യാപിച്ചത്. നിലവിൽ യു.പി.ഐ ലൈറ്റ് ഉപയോഗിച്ച് പ്രതിദിനം 200 രൂപയുടെ ഇടപാട് മാത്രമാണ് നടത്താൻ സാധിക്കുക. ഇത് 500 ആയിട്ടാണ് ആർ.ബി.ഐ ഉയർത്തിയിരിക്കുന്നത്.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇടപാട് പരിധി ഉയർത്തിയതെന്ന് ആർ.ബി.ഐ അറിയിച്ചു. പുതിയ മാറ്റം ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ പ്രചാരം നൽകാൻ ഇടയാക്കുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
എന്താണ് യു.പി.ഐ ലൈറ്റ്
യു.പി.ഐ പിൻ ഉപയോഗിക്കാതെ തന്നെ ചെറിയ ഇടപാടുകൾ നടത്താനുള്ള സംവിധാനമാണ് യു.പി.ഐ ലൈറ്റ്. ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആർ.ബി.ഐ പുതിയ സംവിധാനം അവതരിപ്പിച്ചത്.
എങ്ങനെ ഉപയോഗിക്കാം
വാലറ്റിലേക്ക് പണം ആഡ് ചെയ്യുകയാണ് യു.പി.ഐ ലൈറ്റ് ഉപയോഗിക്കാൻ ആദ്യമായി ചെയ്യേണ്ടത്. ഇത്തരത്തിൽ 2000 രൂപ വരെ വാലറ്റിലേക്ക് ആഡ് ചെയ്യാം. ഇതിന് ശേഷം യു.പി.ഐ പിന്നിന്റെ സഹായമില്ലാതെ പരമാവധി 500 രൂപയുടെ ഇടപാട് ഒരു ദിവസം നടത്താം. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ ഓരോ തവണ ഇടപാട് നടത്തുമ്പോഴും പിൻ നൽകേണ്ട ആവശ്യമില്ല. നിലവിൽ ഫോൺപേ, പേടിഎം പോലുള്ള വാലറ്റ് സംവിധാനങ്ങളെല്ലാം യു.പി.ഐ ലൈറ്റിനെ പിന്തുണക്കുന്നുണ്ട്.
യു.പി.ഐ ഇടപാടുകളിൽ എൻ.എഫ്.സി സംവിധാനം വ്യാപകമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ആർ.ബി.ഐ അറിയിച്ചു. ഇത് യാഥാർഥ്യമായാൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ യു.പി.ഐ ലൈറ്റിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. എൻ.എഫ്.സി സംവിധാനം പുറത്തിറക്കാനുള്ള മാർഗനിർദേശങ്ങൾ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വൈകാതെ പുറത്തിറക്കുമെന്നും ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.