യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.ഐ. 1991ന് ശേഷം ഇതാദ്യമായാണ് ഇത്രത്തോളം സ്വർണം ഇന്ത്യ പ്രാദേശികമായി സൂക്ഷിക്കുന്നത്. വരും മാസങ്ങളിലും ഇത്തരത്തിൽ സ്വർണം ഇന്ത്യയിലെത്തിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. സാമ്പത്തിക വർഷാവസാനത്തിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയുടെ കൈവശം 822.1 ടൺ സ്വർണമാണ് ഉള്ളത്. ഇതിൽ 413.8 ടൺ സ്വർണവും വിദേശത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണമാണ് ഇന്ത്യ വാങ്ങിയത്.
ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ വിദേശത്ത് സ്വർണം സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ സ്വർണം സൂക്ഷിക്കുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സ്വർണം സൂക്ഷിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആർ.ബി.ഐ വീണ്ടും സ്വർണം വാങ്ങാൻ ആരംഭിച്ചിരുന്നു. തുടർന്ന് സ്വർണം സൂക്ഷിക്കുന്നതിൽ ഒരു പുനഃപരിശോധന നടത്തുകയും ഇതിൽ ഒരു ഭാഗം ഇന്ത്യയിലേക്ക് കൊണ്ടു വരാൻ തീരുമാനിക്കുകയുമായിരുന്നു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കും പ്ലാനിങ്ങിനും ശേഷമാണ് സുരക്ഷിതമായി ഇംഗ്ലണ്ടിൽ നിന്നും സ്വർണം ഇന്ത്യയിലേക്ക് എത്തിച്ചത്. ഏകദേശം വിദേശത്തുള്ള ഇന്ത്യയുടെ നാലിലൊന്ന് സ്വർണമാണ് ഇത്തരത്തിൽ രാജ്യത്തെത്തിച്ചത്. കേന്ദ്രസർക്കാറിനും ആർ.ബി.ഐക്കും പുറമേ സർക്കാറിന്റെ മറ്റ് പല ഏജൻസികളും ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്.
യു.കെയിൽ നിന്നും ഇന്ത്യയിലെത്തിക്കുന്ന സ്വർണത്തിന് കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി ഒഴിവാക്കി നൽകിയിട്ടില്ല. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സ്വർണം മുംബൈയിലും നാഗ്പൂരിലുമുള്ള ആർ.ബി.ഐയുടെ ഓഫീസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
1991ൽ ചന്ദ്രശേഖർ സർക്കാർ ഇന്ത്യയുടെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന സ്വർണം പണയം വെച്ചിരുന്നു. തുടർന്ന് 15 വർഷങ്ങൾക്ക് മുമ്പ് ഐ.എം.എഫിൽ 200 ടൺ സ്വർണം ഇന്ത്യ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം പലപ്പോഴായി സ്വർണം വാങ്ങി ഇന്ത്യ കരുതൽ ശേഖരത്തിനൊപ്പം ചേർത്തിരുന്നു. സ്വർണശേഖരം സമ്പദ്‍വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്ന ഘടകങ്ങളിൽ ഒന്നായാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.