തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ലക്ഷം കോടി നൽകണമെന്ന കേന്ദ്രസർക്കാർ ആവശ്യം ആർ.ബി.ഐ നിരസിച്ചുവെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ചെലവുകൾക്കായി മൂന്ന് ലക്ഷം കോടി രൂപ നൽകണമെന്ന കേന്ദ്രസർക്കാറിന്റെ അഭ്യർഥന ആർ.ബി.ഐ നിരസിച്ചുവെന്ന് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയുടെ വെളിപ്പെടുത്തൽ. 2019ലെ പൊതുതെരഞ്ഞെടുപ്പിനായി 2018ലായിരുന്നു ആർ.ബി.ഐയോട് കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ടത്. തന്റെ 'ക്വസ്റ്റ് ഫോർ റീസ്റ്റോറിങ് ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഇൻ ഇന്ത്യ' എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
2020ലെ പുസ്തകത്തിന്റെ അപ്ഡേറ്റ് എഡിഷനിലാണ് പുതിയ വിവരങ്ങളും ഉൾക്കൊള്ളുന്നത്. ഇത് ആർ.ബി.ഐയും കേന്ദ്രസർക്കാറും തമ്മിലുള്ള അഭിപ്രായവ്യത്യാസ്തത്തിന് കാരണമായെന്നും വിരാൽ ആചാര്യ പറയുന്നു. എല്ലാവർഷവും ലാഭത്തിന്റെ ഒരു വിഹിതം ആർ.ബി.ഐ കേന്ദ്രസർക്കാറിന് നൽകാറുണ്ട്. 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ റെക്കോർഡ് ലാഭവിഹിതമാണ് വരും വർഷങ്ങളിൽ ആർ.ബി.ഐ കേന്ദ്രസർക്കാറിന് നൽകിയത്.
നോട്ട് അസാധുവാക്കൽ വർഷത്തിൽ കേന്ദ്രസർക്കാറിന് നൽകിയ ലാഭവിഹിതത്തിൽ കുറവുണ്ടായി. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് 2018ൽ കൂടുതൽ പണം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ആസ്തിവിൽപനയിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സാധിക്കാത്തതും ഇത്തരത്തിൽ കൂടുതൽ ലാഭവിഹിതം തേടാൻ കേന്ദ്രസർക്കാർ പ്രേരിപ്പിച്ചുവെന്നാണ് വിവരം.
കൂടുതൽ ലാഭവിഹിതം നൽകുന്നതിനോട് ആർ.ബി.ഐ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ആർ.ബി.ഐ ആക്ടിലെ സെക്ഷൻ 7 നടപ്പിലാക്കാനായിരുന്നു കേന്ദ്രസർക്കാർ ശ്രമം. ഇതുപ്രകാരം കേന്ദ്രസർക്കാറിന് ആർ.ബി.ഐക്ക് നിർദേശങ്ങൾ നൽകാൻ സാധിക്കും.
എന്നാൽ, കഴിഞ്ഞ 80 വർഷത്തിനിടയിൽ ഒരു സർക്കാറും ഇത്തരത്തിൽ ആർ.ബി.ഐക്ക് നിർദേശം നൽകിയിട്ടില്ല. കേന്ദ്രസർക്കാറും ആർ.ബി.ഐയും തമ്മിലുള്ള ഈ അഭിപ്രായ ഭിന്നതയാണ് അന്നത്തെ ഗവർണറായ ഊർജിത് പട്ടേലിന്റെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നും ആചാര്യ വെളിപ്പെടുത്തുന്നു.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിരാൽ ആചാര്യയും ഡെപ്യൂട്ടി ഗവർണർ സ്ഥാനം രാജിവെക്കുകയായിരുന്നു. അതേസമയം, 2019ൽ റെക്കോർഡ് തുകയായ 1.76 ലക്ഷം കോടിയാണ് ആർ.ബി.ഐ ലാഭവിഹിതമായി കേന്ദ്രസർക്കാറിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.