ആർ.ബി.ഐയുടെ ഡിജിറ്റൽ കറൻസി ഡിസംബർ ഒന്നിനെത്തും; എങ്ങനെ ഉപയോഗിക്കാം
text_fieldsമുംബൈ: രാജ്യത്തെ ഡിജിറ്റൽ രൂപയുടെ ഇടപാടുകൾക്ക് റിസർവ് ബാങ്ക് തുടക്കമിടുന്നു. ഡിസംബർ ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട നാലു നഗരങ്ങളിൽ ഡിജിറ്റൽ രൂപയുടെ വിനിമയം സാധ്യമാകും. ഈ നഗരങ്ങളിലെ വ്യക്തികൾ തമ്മിലും ചില്ലറ വ്യാപാര ഇടപാടുകൾക്കും ഡിജിറ്റൽ കറൻസി ഉപയോഗിക്കാം.
പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ കൊച്ചിയിലും പദ്ധതി നടപ്പാക്കും. ക്രിപ്റ്റോ കറൻസിക്ക് ബദലായും വിപണിയിൽ കറൻസി ഇടപാടുകൾ കുറക്കാനും ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയിലേക്ക് ചുവടുമാറ്റുന്നത്. യു.പി.ഐ പോലുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനം കാര്യക്ഷമമാക്കാനും ഡിജിറ്റൽ കറൻസി വഴി ഉദ്ദേശിക്കുന്നു. നിലവിൽ രൂപയും നാണയങ്ങളും ലഭ്യമായ എല്ലാ മൂല്യത്തിലും ഡിജിറ്റൽ കറൻസി ലഭിക്കും. ബാങ്കുകളിലൂടെ കൈവശംവെക്കുന്ന ഡിജിറ്റൽ കറൻസിക്ക് പലിശ ലഭിക്കില്ല. എന്നാൽ, ഡിജിറ്റൽ കറൻസി പലിശ ലഭിക്കുന്ന ബാങ്ക് നിേക്ഷപങ്ങളാക്കി മാറ്റാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നീ നാലു ബാങ്കുകളുടെ സഹകരണത്തോടെ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിലെ പരീക്ഷണം. അഹ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, ലഖ്നോ, പട്ന, ഷിംല എന്നീ നഗരങ്ങൾക്കൊപ്പമാകും കൊച്ചിയിലും രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
ഈ ഘട്ടത്തിൽ ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്,സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പരീക്ഷണത്തിൽ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.