കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിൽ വിതരണം ചെയ്തത് വെറും 10 ശതമാനം മാത്രം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജിൽ വിതരണം ചെയ്തത് 10 ശതമാനം തുക മാത്രമെന്ന് വിവരാവകാശ രേഖ. കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച പാക്കേജ് എങ്ങുമെത്തിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് 'ദ എകണോമിക്സ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
പുനെ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരൻ പ്രഫുൽ സർദയാണ് വിവരാവകാശ നിയമപ്രകാരം മറുപടി തേടിയത്. കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിൽ വിവിധ സെക്ടറുകളിൽ ചിലവിട്ട തുകയും സംസ്ഥാനങ്ങളിൽ ചെലവിട്ട തുകയുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ആത്മനിർഭർ ഭാരത് പദ്ധതിയിലെ എമർജൻസി വായ്പാ സ്കീം പ്രകാരം (ഇ.സി.എൽ.ജി.എസ്) ഒക്ടോബർ 31 വരെ മൂന്ന് ലക്ഷം കോടി രൂപ വിതരണം ചെയ്യാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിക്കുകയായിരുന്നു.
അനുമതി നൽകിയ മൂന്ന് ലക്ഷം കോടിയിൽ 1.2 ലക്ഷം കോടി രൂപ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തതെന്ന് പ്രഫുൽ സർദ പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളെ പരിഗണിക്കുമ്പോൾ ഒരാൾക്ക് എട്ടു രൂപ നിരക്കിലാവും ഈ തുക.
പ്രഖ്യാപിച്ച 20 ലക്ഷം കോടിയിൽ അനുമതി നൽകിയ മൂന്ന് ലക്ഷം കോടി കഴിഞ്ഞുള്ള 17 ലക്ഷം കോടി രൂപ എവിടെയെന്ന് സർദ ചോദിക്കുന്നു. പ്രഖ്യാപിച്ച് എട്ട് മാസം പിന്നിട്ടിട്ടും ഇതിനെ കുറിച്ച് വിവരമില്ല. ഇത് ഇന്ത്യൻ ജനതക്ക് മേലുള്ള മറ്റൊരു തട്ടിപ്പാണോയെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.സി.എൽ.ജി.എസ് സ്കീം പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ലോൺ അനുവദിച്ചത് -14,364.30 കോടി രൂപ. തമിഴ്നാടിന് 12,445.58 കോടിയും ഗുജറാത്തിന് 12,005.92 കോടിയും ലഭിച്ചു. യു.പി, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളാണ് ഇവക്ക് പിന്നാലെയുള്ളത്.
ലക്ഷദ്വീപ് (1.62 കോടി), ലഡാക്ക് (27.14 കോടി), മിസോറാം (34.8 കോടി) അരുണാചൽ പ്രദേശ് (38.54 കോടി) എന്നിവയാണ് ഏറ്റവും കുറഞ്ഞ വായ്പ ലഭിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
കോവിഡ് മഹാമാരിയിൽ രാജ്യം നേരിട്ട മാന്ദ്യത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ അനുകൂലികൾ പാക്കേജിനെ ഏറെ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് പിടിമുറുക്കി 10 മാസം പിന്നിട്ടിട്ടും പാക്കേജിന്‍റെ പത്തിലൊന്ന് തുക പോലും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.