2000 രൂപ നോട്ട് നിരോധനം വൻതോതിൽ കള്ളപ്പണം തടയാൻ സഹായിക്കും -റിസർവ് ബാങ്ക് മുൻ ഡെ. ഗവർണർ ആർ. ഗാന്ധി
text_fieldsന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിരോധിക്കുന്നത് വലിയ തോതിൽ കള്ളപ്പണം തടയാൻ സഹായിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി. കള്ളപ്പണം തടയാൻ ഒരു പരിധിവരെ ഈ നീക്കം സഹായിക്കും. 2016ലെ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സമ്പദ്‌വ്യവസ്ഥയിലെ കള്ളപ്പണം തടയുക എന്നതായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016ലെ നോട്ട് നിരോധന സമയത്ത് റിസർവ് ബാങ്കിൽ കറൻസി ഡിപ്പാർട്ട്‌മെന്റ് തലവനായിരുന്നു ആർ. ഗാന്ധി.
ദൈനംദിന കൊടുക്കൽ വാങ്ങലുകൾക്ക് അധികപേരും നോട്ടുകൾ ഉപയോഗിക്കാതെ ഡിജിറ്റൽ രീതി അവലംബിക്കുന്നതിനാൽ 2,000 രൂപ നിരോധനം സമ്പദ്വ്യവസ്ഥയിൽ വ്യവസ്ഥാപരമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. എങ്കിലും ഒറ്റത്തവണ മാറ്റാവുന്ന നോട്ടുകൾക്ക് 20,000 രൂപ പരിധി വെച്ചത് ആളുകൾക്ക് അസൗകര്യം സൃഷ്ടിച്ചേക്കും. കൂടുതൽ 2,000 രൂപ നോട്ടുകൾ കൈവശമുള്ളവർ കറൻസി മാറ്റുന്നതിന് നിരവധി തവണ ബാങ്ക് ശാഖയിലേക്ക് പോകേണ്ടി വരും -അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് റിസർവ് ബാങ്ക് 2000 രൂപ കറൻസി നോട്ടുകളുടെ പിൻവലിക്കൽ പ്രഖ്യാപിച്ചത്. നിലവിലുള്ള നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ സെപ്റ്റംബർ 30-നകം മാറ്റി വാങ്ങുകയോ ചെയ്യണം. അതുവരെ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.