റബർ വിപണിയിൽ മുന്നേറ്റം, കുരുമുളകിന് തളർച്ച
text_fieldsവിപണികളിൽ റബർഷീറ്റ് ലഭ്യത ചുരുങ്ങിയതുകണ്ട് ടയർ നിർമാതാക്കൾ മലബാർ മേഖലയിലും കൊച്ചി, കോട്ടയം വിപണികളിലും പിടിമുറുക്കി. രാജ്യാന്തര റബർവില ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക് ചുവടുവെച്ചതാണ് തിരക്കിട്ട് റബർ ശേഖരിക്കാൻ വ്യവസായികളെ പ്രേരിപ്പിക്കുന്നത്. കാത്തിരുന്നാൽ ഇനിയും ഉയരുമോയെന്ന ആശങ്കയിലാണവർ.
കാലാവസ്ഥ വ്യതിയാനത്തിൽ ഉയർന്ന പകൽച്ചൂടിൽ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങിയത് കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഉൽപാദകർ ചരക്കുവിപണിയിൽ ഇറക്കാതെ കരുതൽ ശേഖരത്തിലേക്ക് നീക്കിയത് ടയർ നിർമാതാക്കളെയും ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളെയും പരിമുറുക്കത്തിലാക്കി.
ഇതിനിടയിൽ ഏഷ്യയിലെ ഇതര ഉൽപാദനരാജ്യങ്ങളിലും ടാപ്പിങ് മന്ദഗതിയിൽ നീങ്ങുന്ന വിവരം ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 16,799 രൂപയിലേക്ക് ഉയർത്തി. ജപ്പാൻ, സിംഗപ്പൂർ, ചൈന വിപണികളിൽ റബർ അവധിനിരക്കിൽ ഉണർവ് ദൃശ്യമായി. കോട്ടയം മാർക്കറ്റിൽ നാലാം ഗ്രേഡ് റബർ 15,800 രൂപയിൽനിന്ന് 16,500 ലേക്ക് മുന്നേറി. അഞ്ചാം ഗ്രേഡ് 600 രൂപ ഉയർന്ന് 16,100 രൂപയായി.
കാപ്പി വിളവെടുപ്പ് മാസാരംഭത്തിലെ മഴ തടസ്സപ്പെടുത്തിയത് പല ഭാഗങ്ങളിലും മൂത്ത് വിളഞ്ഞ കാപ്പിക്കുരുകൾ അടർന്നുവീഴാൻ ഇടയാക്കി. വയനാട്ടിലും കൂർഗ്, ചിക്കമഗളൂരു,ഹാസൻ മേഖലയിലും ഉൽപാദനം കുറയുമെന്ന സൂചന വാങ്ങലുകാരെ വിപണിയിലേക്ക് അടുപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ കാപ്പി ടണ്ണിന് 3300 ഡോളറിലാണ്. വയനാട്ടിൽ ഉണ്ട കാപ്പി വില 8300 രൂപയും കാപ്പിപ്പരിപ്പ് 26,700 രൂപയും. വിളവെടുപ്പ് വേളയിലും വിപണി സർവകാല റെക്കോഡ് പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിൽ ഓഫ്സീസണിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ കുരുമുളക് വിളവെടുപ്പിലാണ്. ടെർമിനൽ മാർക്കറ്റിൽ ചുരുങ്ങിയ ദിവസങ്ങളിൽ മുളകുവില ക്വിൻറലിന് 1000 രൂപയോളം ഇടിഞ്ഞത് വിളവെടുപ്പ് ഊർജിതമാക്കാൻ ചെറുകിട കർഷകരെ പ്രേരിപ്പിക്കുന്നു. അടുത്തമാസം ആദ്യ പകുതിയിൽ പുതിയ മുളകു വരവ് ശക്തിയാർജിക്കാം. കൊച്ചിയിൽ പുതിയ കുരുമുളക് 57,500 രൂപയിലും ഗാർബിൾഡ് കുരുമുളക് 59,500 രൂപയിലുമാണ്. ആഗോളവിപണിയിൽ മലബാർ കുരുമുളക് വില ടണ്ണിന് 7300 ഡോളർ.
മാസാരംഭം അടുത്തതിനാൽ ചെറുകിട വിപണികളിൽ വെളിച്ചെണ്ണ വിൽപന ഉയരുമെന്ന നിഗമനത്തിലാണ് മില്ലുകാർ. അതേസമയം ഇറക്കുമതി പാചകയെണ്ണ വിലകൾ താഴ്ന്നുനിൽക്കുന്നത് വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന് തടസ്സമാകും. കൊച്ചിയിൽ വെളിച്ചെണ്ണ 14,100 രൂപയിലും കോഴിക്കോട് 16,300 രൂപയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.