വീണ്ടും മെലിഞ്ഞ് രൂപ;ചരിത്രത്തിലെ എറ്റവും താഴ്ന്ന നിലവാരത്തിൽ
text_fieldsമുംബൈ: ഡോളറിനെതിരെ 78 രൂപ എന്ന നിലവാരത്തിലും താഴെയിറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രൂപ. കലുഷിതമായ ആഭ്യന്തര വിപണിയും വർധിക്കുന്ന അസംസ്കൃത എണ്ണവിലയും പുറത്തേക്കുള്ള വിദേശ മൂലധന ഒഴുക്കുമാണ് രൂപയെ ശോഷിപ്പിക്കുന്നത്.
ഈ വർഷം ഇതുവരെ അഞ്ച് ശതമാനത്തിനടുത്ത് മുല്യശോഷണമാണ് രൂപക്ക് സംഭവിച്ചത്. വിദേശനാണ്യവിപണിയിൽ ഇന്നലെ 78.03 എന്ന നിലയിലാണ് രൂപയുടെ മൂല്യം. തിങ്കളാഴ്ച വ്യപാരത്തിനിടയിൽ 78.28 രൂപ വരെ താണിരുന്നു. പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനാൽ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുത്തനെവർധിപ്പിച്ചാൽ വളർച്ച കുറയുമോ എന്ന ആശങ്കയിലാണ് വിദേശനിക്ഷേപകർ ഓഹരിവിപണിയിൽ നിന്ന് പിന്തിരിയുന്നത്.
രൂപക്കെതിരെ ഡോളർ കരുത്താർജിക്കുന്നത് ഇറക്കുമതി ചെലവുയർത്തും. ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കാൻ കാരണമാകും. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടാകുന്ന വർധനയും ഇറക്കുമതി ബില്ലിൽ പ്രതിഫലിക്കും.
യു.കെ.പൗണ്ട്, ജാപ്പനീസ് യെൻ, ഓസ്ട്രേലിയൻ ഡോളർ അടക്കം പല കറൻസികളും ഡോളറിനെതിരെ ശോഷിക്കുകയാണ്. ഇടപാടുകൾ ഡോളറിലായതിനാൽ അത്തരം രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ഇന്ത്യക്ക് മെച്ചമൊന്നും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.